എന്നു തുടങ്ങും രാമനാട്ടുകരയിലെ ഐടി വ്യവസായ കെട്ടിടനിർമാണം

രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് ഭൂമി.




കോഴിക്കോട്:കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ പദ്ധതിയിട്ട ഐടി അനുബന്ധ വ്യവസായ കെട്ടിട നിർമാണം അനന്തമായി നീളുന്നു. ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തീകരിക്കുമെന്നു പ്രഖ്യാപിച്ച കെട്ടിടം ശിലാസ്ഥാപനം നടത്തി നാലു മാസം പിന്നിട്ടെങ്കിലും നാളിതുവരെ പ്രാരംഭ പ്രവൃത്തി തുടങ്ങാൻ പോലും അധികൃതർക്കായില്ല. ടെൻഡർ നടപടി നീളുന്നതാണ് നിർമാണത്തിന് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്.

രാമനാട്ടുകര ടെക്നോളജി പാർക്കിൽ ഐടി അനുബന്ധ വ്യവസായം ആരംഭിക്കാൻ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനാണ് കിൻഫ്ര പദ്ധതിയിട്ടത്. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു സർക്കാർ 45 കോടി രൂപ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ജൂൺ 15നു വ്യവസായ മന്ത്രിയെത്തി ശിലാസ്ഥാപനം നടത്തിയെന്നല്ലാതെ പിന്നീട് ഒരു പണിയും നടന്നിട്ടില്ല.

ഐടി അധിഷ്ഠിത വ്യവസായങ്ങൾക്ക് ആവശ്യമായ കെട്ടിട സൗകര്യമൊരുക്കി വ്യവസായ സംരംഭകർക്ക് അനുവദിക്കാനായിരുന്നു തിരുമാനം. പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് കൺസൽറ്റൻസി. ഇവർ തയ്യാറാക്കിയ രൂപരേഖ പ്രകാരമാണ് പ്രവൃത്തി നടപ്പാക്കുന്നതെങ്കിലും നടപടികൾ ഇഴയുകയാണ്.

ബഹുനില കെട്ടിട സമുച്ചയത്തിനു പുറമെ ഏറ്റെടുത്ത ഭൂമിക്കു പൂർണമായും ചുറ്റുമതിലും അനുബന്ധ റോഡുകളും ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടൊപ്പം മഴവെള്ള സംഭരണി, ഓട എന്നിവ നിർമിക്കാനും ആസൂത്രണമുണ്ടായി. എന്നാൽ സമയബന്ധിതമായി പ്രവൃത്തി നടപ്പാക്കാൻ അധികൃതർക്കു കഴിയുന്നില്ല.

 രാമനാട്ടുകര നഗരസഭയിലെ ആറ്, ഏഴ്, 21, 22 വാർഡുകളിൽപെട്ട 78 ഏക്കർ ഭൂമി 2009ലാണ് കിൻഫ്ര നോളജ് പാർക്കിന് ഏറ്റെടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കി പാ‍ർക്ക് സ്ഥാപിക്കാനായിരുന്നു പദ്ധതി. 2010 ഓഗസ്റ്റിൽ അന്നത്തെ ധനമന്ത്രി ഡോ.ടി.കെ. തോമസ് ഐസക്ക് നോളജ് പാർക്കിനു തറക്കല്ലിടുകയും ചെയ്തു.

എന്നാൽ വയൽ–നീർത്തട പ്രദേശം മണ്ണിട്ടു നികത്തുന്നതിനെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചതു കിൻഫ്ര പദ്ധതികൾക്കു തിരിച്ചടിയായി. ഇക്കാരണത്താൽ കഴിഞ്ഞ ഏഴു വർഷമായി പാർക്കിൽ ഒന്നും ചെയ്യാനായില്ല. ഒടുവിൽ കേസ് നടപടികളിൽ അനുകൂല വിധി സമ്പാദിച്ചും വയൽപ്രദേശം തൂർക്കുന്നതിനു സർക്കാരിൽ നിന്നു പ്രത്യേക അനുമതി തേടിയുമാണ് ഐടി അനുബന്ധ വ്യവസായങ്ങൾക്കു കെട്ടിടം നിർമിക്കാൻ പദ്ധതിയൊരുക്കിയത്.