മിഠായിതെരുവിൽ ഫയർ ഹൈഡ്രന്റുകളുടെ മർദ പരിശോധന നടത്തി




കോഴിക്കോട്:മിഠായിതെരുവിലെ പുതുതായി സ്ഥാപിച്ച ഫയർ ഹൈഡ്രന്റുകളുടെ മർദ പരിശോധന നടത്തി. തീപിടിത്തമുണ്ടായാൽ അണയ്ക്കാനായി വെള്ളമെത്തിക്കാനുള്ള സംവിധാനം മിഠായിതെരുവു നവീകരണത്തിന്റെ ഭാഗമായാണ് ഒരുക്കിയത്. ഇന്നലെ വൈകിട്ട് കലക്ടർ യു.വി. ജോസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

മിഠായിതെരുവിൽ അവസാനം തീപിടിത്തമുണ്ടായപ്പോഴാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിച്ചതും നടപ്പാക്കിയതുമെന്ന് അദ്ദേഹം പറഞ്ഞു. 400 മീറ്റർ ദൂരത്തിൽ 11 ഔട്ട്‌ലെറ്റ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ വെള്ളം കൊണ്ടുവന്നു നിറയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിനു പകരം മാനാഞ്ചിറയിൽ പ്രത്യേകം സംഭരണിയും മോട്ടോറും സ്ഥാപിച്ച് ഇവിടേക്ക് പുതുതായി പൈപ്പിട്ടാൽ അതിലൂടെ വെള്ളം എത്തിക്കാൻ പറ്റുമെന്നും അത് അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മിഠായിതെരുവു നവീകരണത്തിനായുള്ള ആറര കോടി രൂപയിൽ തെരുവിലെ പൈപ്പുകളും കേബിളും മാറ്റി സ്ഥാപിക്കാനാണ് മൂന്നര കോടി രൂപയും ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തെരുവിനുള്ളിലേക്ക് പ്രവേശിക്കാതെ അഗ്നിരക്ഷാ സേനാ വാഹനങ്ങൾ പുറത്തു നിർത്തി ഫയർ ബ്രിഗേഡ് ഇൻലെറ്റുകൾ വഴി തെരുവിന്റെ ഏതു ഭാഗത്തേക്കും വെള്ളമെത്തിക്കാൻ കഴിയുമെന്നതാണ് ഇപ്പോൾ നടപ്പാക്കിയ പദ്ധതിയുടെ സൗകര്യമെന്നും ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കർ വിശദീകരിച്ചു. എസ്.കെ. പ്രതിമയ്ക്കു സമീപം, മേലെ പാളയം റോഡ് ജംക്‌ഷൻ‌, മൊയ്തീൻ പള്ളി റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് മൂന്നു ഇൻലെറ്റുകൾ.