ബേപ്പൂർ തുറമുഖം;പുതിയ വാർഫ് നവീകരണം പൂർത്തിയായികോഴിക്കോട്:ബേപ്പൂർ തുറമുഖത്തെ പുതിയ വാർഫ് നവീകരണം പൂർ‍ത്തിയായി. നദീമുഖത്തു പുതിയ കോൺക്രീറ്റ് ബീമുകൾ നിർമിച്ചാണ് വാർഫ് കൂടുതൽ ബലപ്പെടുത്തിയത്. ഇതോടെ ഇനി പുതിയ വാർഫിൽ ചരക്കു നീക്കം ഉടനാരംഭിക്കാനാകും. നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി വാർഫിൽ യാനങ്ങൾ കെട്ടിയിടുന്നതിനു പുതിയ ബുൾആർഡുകളും ടയർ ഫെൻഡറുകളും സജ്ജീകരിച്ചിട്ടുണ്ട്.

160 മീറ്റർ നീളമുള്ള പുതിയ വാർഫിൽ ഒരു മീറ്റർ വീതിയിലും അത്രതന്നെ ആഴത്തിലുമുള്ള ബീമുകളാണ് മുൻഭാഗത്തു നിർമിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പ് നേതൃത്വത്തിൽ 66 ലക്ഷം രൂപ ചെലവിട്ടു തികച്ചും ശാസ്ത്രീയ രീതിയിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇതോടെ കപ്പലുകളും ബാർജുകളും ഇനി സുരക്ഷിതമായി കരയടുപ്പിക്കാനാകും.

കടൽക്ഷോഭത്തെ തുടർന്നുണ്ടായ തിരതള്ളലിൽ ആടിയുലഞ്ഞ ബാർജ് ഇടിച്ചാണ് വാർഫ് പൊളിഞ്ഞത്. നദീമുഖത്തു നാലു മീറ്ററോളം നീളത്തിൽ വാർഫിന്റെ ബീം പൊട്ടിത്തകർന്നു ഇരുമ്പ് കമ്പികൾ പുറത്തായിരുന്നു. ഇതിനാൽ തുറമുഖത്തു അടുപ്പിക്കുന്ന കപ്പലുകൾ വാർഫിലിടിച്ചു കേടുപാടുണ്ടാകുകയും ചെയ്തു.

അപകട ഭീഷണി കപ്പൽ ക്യാപ്റ്റൻമാർ തുറമുഖ അധികൃതരെ രേഖാമൂലം അറിയിച്ചതോടെയാണ് വാർഫ് സുരക്ഷിതമാക്കാൻ നടപടിയുണ്ടായത്. തുറമുഖത്തെ പുതിയ വാർഫിൽ എക്കാലത്തും തിരയടിയാണ്. വർഷ കാലത്ത് ഇവിടെ കപ്പലുകളും വെസലുകളും അടുപ്പിക്കാൻ തന്നെ പ്രയാസമാണ്.


കണ്ടെയ്നർ കപ്പലുകളുടെ വരവോടെ പുതിയ വാർഫ് ഏതുസമയവും ഉപയോഗ സജ്ജമാക്കേണ്ടതു മുന്നിൽക്കണ്ടാണ് അടിയന്തരമായി നവീകരണ പ്രവൃത്തി നടത്തിയത്. മൺസൂണിനോടനുബന്ധിച്ചുണ്ടായ നിയന്ത്രണം നീങ്ങിയതോടെ ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള ഉരുക്കൾ സർവീസ് ആരംഭിച്ചു. ലക്ഷദ്വീപ് യാത്രാ കപ്പലുകളുടെ സർവീസും ഉടനാരംഭിക്കും