തീരദേശ റോഡ്:ഡിപിആര്‍ സമര്‍പ്പിച്ചു




കടലുണ്ടിക്കടവ്–കരുവൻതിരുത്തിക്കടവ് തീരദേശ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ നടത്തിയ ബിബിസി പരിശോധന

കോഴിക്കേട്:ജില്ലയിലെ കടലുണ്ടിക്കടവ്–കരുവൻതിരുത്തിക്കടവ് തീരദേശ റോഡ് വികസനത്തിനു 22.85 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട്(ഡിപിആർ) സമർപ്പിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ(കിഫ്ബി) ഉൾപ്പെടുത്തി മരാമത്ത് ദേശീയപാത വിഭാഗമാണ് നവീകരണ പദ്ധതി തയാറാക്കിയത്. ജില്ലാ അതിർത്തിയായ കടലുണ്ടിക്കടവിൽ നിന്നു തുടങ്ങുന്ന പാതയിൽ കരുവൻതിരുത്തിക്കടവ് പാലം വരെയുള്ള 4.5 കിലോമീറ്ററും ചാലിയം ജെട്ടി റോഡിൽ നിർദേശ് വരെയുള്ള 1.6 കിലോമീറ്ററും നവീകരിക്കുന്നതിനുള്ള പദ്ധതിയാണ് സമർപ്പിച്ചത്.

തീരദേശ പാത നിർമാണവുമായി ബന്ധപ്പെട്ടു നേരത്തെ നാറ്റ്പാക്ക് സമർപ്പിച്ച പഠന റിപ്പോർട്ട് പ്രകാരമാണ് ഡിപിആർ. സൂക്ഷ്മ പരിശോധനയുടെ ഭാഗമായി ഇന്നലെ റോഡിൽ ബിബിഡി പരിശോധനയും സർവേയും നടത്തി. നിശ്ചിത ഭാരം കയറ്റിയ വാഹനം ഓടിച്ചു പ്രതലത്തിന്റെ ഉറപ്പും ഭാരശേഷിയുമാണ് പരിശോധിച്ചത്. ബിബിഡി ടെസ്റ്റും മറ്റു സർവേ–പരിശോധന റിപ്പോർട്ടുകളും പരിഗണിച്ചാകും പ്രവൃത്തിയുടെ അന്തിമ എസ്റ്റിമേറ്റ് തയാറാക്കുക.

തീരദേശ മേഖലയിലെ മേജർ ഡിസ്ട്രിക്ട് റോഡുകൾ കുറഞ്ഞത് എട്ടു മീറ്റർ വീതിയിൽ വികസിപ്പിച്ചു ഗതാഗത സൗകര്യം വർധിപ്പിക്കാനാണ് പദ്ധതി. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി ഇപ്പോഴില്ല. നിലവിൽ ലഭ്യമായ റോഡ് ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വികസിപ്പിക്കാനാണ് ലക്ഷ്യം. 5 മുതല്‍ 7 മീറ്റര്‍ വരെ വീതി വീതിയുള്ള ഭാഗങ്ങളിൽ ഏഴു മീറ്റർ വരെയും വീതിയില്ലാത്ത ഇടങ്ങളിൽ അഞ്ചു മീറ്റർ വരെയുമായിരിക്കും ബിഎംബിസി രീതിയിൽ നവീകരിക്കുക. അടിക്കടി റോഡ് പൊട്ടിപ്പൊളിയുന്ന കടുക്കബസാർ, ചാലിയം ജംക്‌ഷനുകളിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കാനാണ് പദ്ധതിയിടുന്നത്.

ഡിപിആറിനു ഭരണാനുമതിയും ഫണ്ടും ലഭ്യമായാൽ പെട്ടെന്നു തന്നെ നിർമാണ പ്രവൃത്തി തുടങ്ങാനാകുമെന്നു മരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ് പറഞ്ഞു. ഫറോക്ക് മുതൽ കരുവൻതിരുത്തിക്കടവ് വരെയുള്ള 2.6 കിലോമീറ്റർ റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. കരുവൻതിരുത്തി റോഡ് പൂർത്തീകരിക്കുന്നതിനൊപ്പം കടലുണ്ടിക്കടവ് വരെയുള്ള തുടർ ഭാഗത്തു പണിയാരംഭിക്കാനാണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്