വ്യാജ വാട്ട്സാപ് സന്ദേശം:ഇതര സംസ്ഥാനക്കാരുടെ ഭീതിയകറ്റാൻ ജില്ലാഭരണകൂടം

 ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ യു.വി.ജോസ് പ്രസംഗിക്കുന്നു.

കോഴിക്കോട്∙ വ്യാജ വാട്സാപ് സന്ദേശങ്ങളെത്തുടർന്ന് ഇതരസംസ്ഥാനക്കാർക്കുണ്ടായ ഭീതിയകറ്റാൻ ജില്ലാഭരണകൂടവും പൊലീസും രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ കേരളത്തിൽ ഒരിടത്തും ഇതരസംസ്ഥാനക്കാർക്കെതിരെ അക്രമമുണ്ടായിട്ടില്ലെന്നും ഇക്കാരണത്താൽ ആരും നഗരം വിടേണ്ടതില്ലെന്നും  കലക്ടർ യു.വി.ജോസും കമ്മിഷണർ എസ്. കാളിരാജ് മഹേഷ്കുമാറും  തൊഴിലാളികളോടു പറഞ്ഞു. നഗരത്തിൽ വിവിധ ഹോട്ടലുകളിലായി ജോലിചെയ്യുന്ന നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികളെ കലക്ടറുടെ ചേംബറിലേക്കെത്തിച്ചാണ് ആശയവിനിമയം നടത്തിയത്. ഇവരുടെ ആശങ്കകൾ പങ്കുവയ്ക്കാനും അവസരം നൽകി.

തങ്ങൾക്ക് ദുരനുഭവങ്ങളൊന്നുമില്ലെങ്കിലും സന്ദേശങ്ങൾ കാണുന്ന കുടുംബാംഗങ്ങൾ പരിഭ്രാന്തരാകുകയാണെന്നു തൊഴിലാളികൾ പറഞ്ഞു. കേരളത്തിൽ ജോലി ചെയ്യാൻ മികച്ച അന്തരീക്ഷമാണുള്ളതെന്നും  എന്തുപരാതിയുണ്ടെങ്കിലും പൊലീസ് സഹായം നൽകുമെന്നും കമ്മിഷണർ  പറഞ്ഞു.  ഇതരസംസ്ഥാന തൊഴിലാളികൾക്കുനൽകുന്ന പാർപ്പിട സൗകര്യങ്ങളടക്കം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ജില്ലാഭരണകൂടം നടത്തുന്നതെന്നും പൂർണമായ സംരക്ഷണം ഉറപ്പാക്കുമെന്നും കലക്ടർ പറഞ്ഞു.

സർക്കാർതലത്തിൽ മറ്റു സംസ്ഥാനങ്ങളുമായി പ്രശ്നം ചർച്ചചെയ്യുന്നുണ്ടെന്നും അറിയിച്ചു. അഞ്ഞൂറോളം തൊഴിലാളികൾ നഗരം വിട്ടെന്നാണു കണക്ക്. ഇതിൽ ചിലർ കൂലിപോലും വാങ്ങാതെയാണു പോയത്. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണു തൊഴിലാളികളുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. എഡിഎം ടി. ജനിൽകുമാർ, ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, റൂറൽ എസ്പി എം.കെ. പുഷ്കരൻ എന്നിവരും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

ജോലിചെയ്യാൻ ഏറ്റവും നല്ല സ്ഥലം’

കോഴിക്കോട് ജോലി ചെയ്യാൻ ഏറ്റവും നല്ല സ്ഥലമാണെന്നു 16 വർഷമായി നഗരത്തിൽ ജോലിചെയ്യുന്ന ബംഗാൾ സ്വദേശിയായ അബ്ദുൽ റഹ്മാൻ യോഗത്തിൽ പറഞ്ഞു. ഇതരസംസ്ഥാനക്കാരെ മർദിക്കുന്നുവെന്നു കാണിച്ചുള്ള എല്ലാ സന്ദേശങ്ങളും വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും ഇക്കാര്യം വീട്ടുകാരെ ബോധ്യപ്പെടുത്തണമെന്നും  അബ്ദുൽ റഹ്മാൻ ഹിന്ദിയിലും ബംഗാളിയിലും തൊഴിലാളികളോടു പറഞ്ഞു. പരിഭ്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. നിലവിൽ ജോലിചെയ്യുന്നവരെ മടക്കി അയച്ച് ആ ജോലി തങ്ങൾക്കു സ്വന്തമാക്കാനുള്ള ചിലരുടെ തന്ത്രമാകാം വ്യാജപ്രചാരണത്തിനു പിന്നിലെന്നും പറഞ്ഞു.

പരിഹാരമാകുന്നു:ഹോട്ടൽ ഉടമകൾ 

വ്യാജപ്രചാരണത്തിനു മറുപടിയായി വസ്തുതകൾ പ്രചരിപ്പിച്ചതോടെ ഇതരസംസ്ഥാനക്കാർ നാട്ടിലേക്കു മടങ്ങുന്നത് കുറഞ്ഞെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ.ഓരോഹോട്ടലിലെയും ജീവനക്കാരുടെ വിഡിയോകൾ വാട്സാപ് വഴി പ്രചരിപ്പിച്ചതാണ് ഫലം കണ്ടതെന്ന് അസോസിയേഷൻ സിറ്റി സെക്രട്ടറി സി. ഷമീർ പറഞ്ഞു.അതേസമയം കേരളത്തിന്റെ മറ്റുപലസ്ഥലങ്ങളിലും ഇപ്പോൾ പ്രശ്നം നിലനിൽക്കുന്നുണ്ട്. കൊല്ലം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഹോട്ടലുടമകൾ ഇപ്പോൾ തങ്ങളെ വിളിക്കുന്നുണ്ടെന്നും പറഞ്ഞു.

സന്ദേശങ്ങളുടെ  ഉറവിടം തേടിയുള്ള അന്വേഷണം പുരോഗമിക്കുന്നു

∙ ഇതരസംസ്ഥാനക്കാർക്ക് മർദനമേൽക്കുന്നുവെന്ന് കാണിച്ചുള്ള വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് കമ്മിഷണർ എസ്. കാളിരാജ് മഹേഷ്കുമാർ.എന്നാൽ ഒട്ടേറെ ഗ്രൂപ്പുകളിലായി പ്രചരിച്ച സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സമയമെടുക്കും. ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി പ്രചരിച്ച വോയ്സ് മെസേജുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംസാര രീതിയാണെന്നു വ്യക്തമാണ്.സൈബർ സെല്ലിന്റെ സഹായത്തോടെ ടൗൺ പൊലീസാണ് അന്വേഷിക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു