കോഴിക്കോട്:വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനു വിശദമായ പദ്ധതി തയാറാക്കാനുള്ള ചുമതല കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷ(കെയ്കോ)നെ ഏൽപ്പിച്ചു. നാളികേര അധിഷ്ഠിത പദ്ധതിയായി മാർക്കറ്റിൽ കോക്കനട്ട് ഹബ് സ്ഥാപിക്കുന്നതിനു രൂപരേഖ തയാറാക്കുന്നതിന് നേരത്തേ കൊയ്കോയെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെകൂടെയാണ് സമഗ്ര വികസന പദ്ധതി കൂടി തയാറാക്കാൻ കലക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദേശിച്ചത്. സ്പെഷൽ ഓഫിസറായി അസിസ്റ്റന്റ് സെക്രട്ടറി പി.പി. മുഹമ്മദ് നിസാറിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ എംഎൽഎ, കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ എസ്. പുഷ്പകുമാരി, മാർക്കറ്റ് സെക്രട്ടറി ലാലി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. അഗ്രി ഹൈപ്പർ മാർക്കറ്റ്, പായ്ക്കിങ് ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, കോമൺ ഫെസിലിറ്റി സെന്റർ, വാല്യു അഡീഷനൽ ട്രെയിനിങ് സെന്റർ, ഇലക്ട്രോണിക് ലേല സംവിധാനം, മാലിന്യ സംസ്കരണത്തിനു നൂതന സംവിധാനം, അഗ്രി ട്രേഡ് ഫെയർ സെന്റർ തുടങ്ങിയവയാണ് പദ്ധതിയിൽ വരുന്നത്. കാർഷിക ഉൽപന്നങ്ങളുടെ ഗ്രേഡിങ്, കയറ്റുമതി ചെയ്യുന്നതിനാവശ്യമായ ആധുനിക പായ്ക്കിങ് സംവിധാനം, പായ്ക്കിങ് എന്നിവ പായ്ക്കിങ് ഹൗസിലുണ്ടാകും.കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, കയറ്റുമതി, വിൽപന തുടങ്ങി കർഷകന് ആവശ്യമായ അറിവും സഹായങ്ങളും നൽകുന്ന ഏകജാലക സംവിധാനമാണ് ഇവിടെയുണ്ടാകുക. കൊപ്രഡ്രയർ, സ്റ്റീം സ്റ്റെറിലൈസർ തുടങ്ങിയവ മിതമായ വാടകയ്ക്ക് കർഷകർക്ക് ഉപയോഗിക്കാൻ പറ്റുന്ന സംവിധാനമാണ് കോമൺ ഫെസിലിറ്റി സെന്ററിലുണ്ടാകുക. അത്യാധുനിക രീതിയിലുള്ള കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്ന കേന്ദ്രമാണ് വാല്യു അഡീഷണൽ ട്രെയിനിങ് സെന്റർ. നാഷനൽ അഗ്രിക്കൾച്ചർ മാർക്കറ്റ് മാതൃകയിൽ ഇലക്ട്രോണിക് ലേല സംവിധാനമാണ് പുതുതായി വരിക. ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈനായി ലേലത്തിൽ പങ്കെടുത്ത് ഉൽപന്നങ്ങൾ വാങ്ങാൻ പറ്റും. ഇതോടെ കർഷകനു തങ്ങളുടെ ഉൽപന്നത്തിനു കൂടുതൽ വില ലഭിക്കാൻ സഹായകമാകും. രാജ്യാന്തര നിലവാത്തിലുള്ള കാർഷിക മേളകൾ സംഘടിപ്പിക്കുന്നതിനും അഗ്രി ട്രേഡ് ഫെയർ സെന്ററിൽ സൗകര്യമുണ്ടാകും.