സ്മാർട്ട് സിറ്റി: അവസാന പത്തിൽ ഇടം നേടാനൊരുങ്ങി കോഴിക്കോട്കോഴിക്കോട്:കേന്ദ്രസർക്കാരിന്റെ സ്മാർ‍ട് സിറ്റി പദ്ധതിയിലെഅവസാന പത്തിൽ ഇടം നേടാനൊരുങ്ങി കോഴിക്കോട്. 100 സ്മാർട് സിറ്റികളിൽ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്ന 10 എണ്ണത്തിൽ ഉൾപ്പെടുക എന്ന ലക്ഷ്യവുമായാണ് കോർപറേഷൻ മുന്നേറുന്നത്. ഇതുസംബന്ധിച്ച്  സെക്രട്ടറി മൃൺമയി ജോഷി നിലവിൽ തയാറാക്കിയിരിക്കുന്ന പദ്ധതി നിർദേശം 11-നു നടക്കുന്ന കൗൺസിൽ യോഗത്തിൽ പ്രമേയമായി അവതരിപ്പിക്കും. കൗൺസിൽ പാസാക്കിയാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയും ലഭ്യമാക്കി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

ഈമാസം തന്നെ എല്ലാനടപടികളും പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്രസർക്കാരിനുമുന്നിലെത്തിക്കാനാണ് ശ്രമമെന്ന് റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക് അറിയിച്ചു. 2015ൽ നടന്ന സ്മാർട് സിറ്റി ചാലഞ്ചിൽ കോഴിക്കോടിന് മുൻനിരയിലെത്താനായില്ല. എന്നാൽ രണ്ടുവർഷത്തിനുള്ളിൽ നഗരത്തിനുണ്ടായ നേട്ടങ്ങളും കൂടി ചേർത്തുള്ള റിപ്പോർട്ടാണ് ഇനി അവതരിപ്പിക്കുക.

എന്താണ് കോഴിക്കോടിന്റെ യോഗ്യത?


കോർപറേഷന്റെ  മികച്ച  സാമ്പത്തികനില 

നിലവിൽ കോഴിക്കോട് കോർപറേഷന്റെ മൊത്തം വാർഷികവരുമാനം 100 കോടിയലധികം രൂപയാണ് . ഫലത്തിൽ  കടരഹിത സ്ഥാപനമാണ് കോർപറേഷൻ.   സിഡിഎ കോർപറേഷനിൽ ലയിപ്പിച്ചതോടെ  സിഡിഎയുടെ 10കോടി ബാങ്ക്നിക്ഷേപവും ലഭ്യമായി.  സിഡിഎ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം വേറെയും. ചെലവഴിക്കാൻ തദ്ദേശസ്ഥാപനത്തിനു പണമില്ലെന്നത് ഈ പദ്ധതിയിൽ പല നഗരങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മികച്ചവരുമാനമുള്ള കോഴിക്കോട് കോർപറേഷന് പദ്ധതിയിൽ സാധ്യതയുണ്ട്.

വളരുന്നു കൊണ്ടിരിക്കുന്ന ഗതാഗത   സംവിധാനം 

രണ്ടുവർഷത്തിനുള്ളിൽ നഗരത്തിൽ നിലവിൽവന്നത് മികച്ച നിലവാരത്തിലുള്ള ആറുറോഡുകളാണ്. ഇതോടൊപ്പം നഗരപാതാ വികസനപദ്ധതിയുടെ രണ്ടാംഘട്ടവും നടപ്പാക്കാനൊരുങ്ങുകയാണ്. നഗരഗതാഗതത്തിനു മാർഗനിർദേശം നൽകി കോംപ്രിഹെൻസിവ് മൊബിലിറ്റി പ്ലാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നഗരത്തിൽ  ബസ്ബേകൾ എവിടെ വേണമെന്നത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. ബസ്  റൂട്ടിങ്ങിനായുള്ള ശാസ്ത്രീയ മാപ്പും തയാറാണ്. നഗരത്തിലെ പാർക്കിങ്ങിനായി പ്രത്യേകനയം തയാറായി വരുന്നു.  കനോലി കനാലും കല്ലായിപ്പുഴയുടെ ഭാഗവും  ദേശീയ ജലപാതയിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

പുതിയ മാസ്റ്റർ പ്ലാൻ റെഡിയായി

കേരളത്തിൽ പുതിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചിരിക്കുന്ന ഏകനഗരമാണ് കോഴിക്കോട്. 2035 വരെയുള്ള നഗരവികസനം മുൻനിർത്തിയുള്ള മാസ്റ്റർ പ്ലാനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്താദ്യമായി കെട്ടിട നിർമാണ അനുമതി ഓൺലൈനാക്കുന്ന തദ്ദേശസ്ഥാപനവും കോഴിക്കോട് കോർപറേഷനാണ്.

മികച്ച പൊതുജന പങ്കാളിത്തം 

നഗരമെന്ന നിലയിൽ മികച്ച പൊതുജനപങ്കാളിത്തമാണ് കോഴിക്കോട്ടുള്ളത്. കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷൻ സുലൈമാനി തുടങ്ങിയ പദ്ധതികളിൽ ജനങ്ങൾ മികച്ചരീതിയിൽ പങ്കാളികളായി. റസിഡന്റ്സ് അസോസിയേഷനായ വേങ്ങേരി നിറവ് പോലുള്ള ജനകീയ കൂട്ടായ്മകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും കോഴിക്കോടിന് മുൻതൂക്കം നൽകും. കെട്ടിട നിർമാണ അനുമതിക്കായുള്ള സോഫ്റ്റ്‌വെയർ തയാറാക്കുന്നത് വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയാണ്.

അതിശക്തമായ സഹകരണരംഗം 

സഹകരണമേഖലയിൽ ആദ്യത്തെ ഐടിപാർക്ക് തുടങ്ങിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റി, എംവിആർ കാൻസർ സെന്റർ ആരംഭിച്ച കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റിവ് ബാങ്ക് എന്നിവയടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ സാന്നിധ്യം കോഴിക്കോടിന് ഗുണമാകും.  നഗരപാതാ വികസനപദ്ധതിക്കായി  സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചതും മികച്ച വികസന മാതൃകയായി അവതരിപ്പിക്കാം.

∙ഐടി പാർക്കുകൾ, മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴിക്കോടിന്റെ കച്ചവട, സാംസ്കാരിക പാരമ്പര്യം എന്നിവയും ഉയർത്തിക്കാണിക്കാനാകും.

ലക്ഷ്യം നേടാൻ ഇനി എന്തുചെയ്യണം ?

ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ള 10 സ്മാർട് സിറ്റി പദവികളിലേക്ക് നിലവിൽ 15 നഗരങ്ങൾ പരിഗണനയിലുണ്ട്. ഇതിൽ കോഴിക്കോട് ഉൾപ്പെട്ടിട്ടുമില്ല. ഈ പട്ടികയിലേക്കാണ് എത്തിപ്പെടേണ്ടത്. 11ന് നടക്കുന്ന കൗൺസിൽ ഇതിനായി പ്രമേയം പാസാക്കണം. കോർപറേഷൻ സെക്രട്ടറി തയാറാക്കിയിരിക്കുന്ന പദ്ധതി നിർദേശം സംസ്ഥാന സർക്കാർ അംഗീകരിക്കണം.

എത്രയും വേഗം ഇതു കേന്ദ്ര നഗരവികസന മന്ത്രാലയത്തിനുമുന്നിലെത്തിക്കണം. അനുമതി ലഭിച്ചാൽ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിച്ച് പട്ടികയിലിടം നേടണം. തുടർന്ന് പൊതുജനങ്ങളുടെ ഇടയിൽ വ്യാപകമായ പ്രചാരണ, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണം.

സ്മാർട് സിറ്റിയായാൽ ലഭിക്കുന്ന നേട്ടം?

സ്മാർട് സിറ്റിയായി കേന്ദ്രം അംഗീകരിക്കുന്ന നഗരത്തിന് വൻവികസനമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായി ഏറ്റവും കുറഞ്ഞത് 500 കോടിരൂപയുടെ പദ്ധതികൾ നടപ്പാക്കും. ഇതിൽ 50% കേന്ദ്രം നൽകും. ബാക്കിയുള്ള തുക സംസ്ഥാനവും തദ്ദേശസ്ഥാപനവും ലഭ്യമാക്കും.

നഗരത്തിന്റെ എല്ലാമേഖലകളെയും സ്പർശിക്കുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. നഗരവാസികളുടെ സാമൂഹിക ജീവിതത്തിന്റെ നിലവാരമുയർത്താനും പദ്ധതികളുണ്ടാകും. വൻതോതിലുള്ള നിക്ഷേപത്തിനുള്ള മാർഗവും തുറക്കും. നിലവിൽ രാജ്യത്ത് 90 നഗരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്.  കേരളത്തിൽനിന്ന് കൊച്ചിയും തിരുവനന്തപുരവുമാണ് നിലവിൽ പട്ടികയിലുള്ളത്.

രണ്ടുവർഷം മുൻപ് കോഴിക്കോടിനു നഷ്ടപ്പെട്ട അവസരത്തിനായി നമ്മൾ ഒരിക്കൽകൂടി പരിശ്രമിക്കുകയാണ്. മാനദണ്ഡങ്ങൾ പരിശോധിച്ചാൽ ഇപ്പോൾ നിലവിൽ സ്മാർട് സിറ്റി പദ്ധതി പട്ടികയിലുള്ള പലനഗരങ്ങളേക്കാളും  കോഴിക്കോടിനു യോഗ്യതയുണ്ട്.  ഇനിയും പ്രഖ്യാപിക്കപ്പെടാനുള്ള 10 സ്മാർട് സിറ്റികളിൽ നമ്മുടെ നഗരവും ഉൾപ്പെടുത്താനായി കഴിയുന്നതെല്ലാം കോർപറേഷൻ ചെയ്യുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ.