കോട്ടപ്പറമ്പ‌് ആശുപത്രിക്ക‌് വീണ്ടും ദേശീയ അംഗീകാരം


കോഴിക്കോട‌്:കോട്ടപ്പറമ്പ‌് സ‌്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിക്ക‌് വീണ്ടും ദേശീയ അംഗീകാരം. ആശുപത്രിയിലെ ലേബർ റൂമിനും ഓപ്പറേഷൻ തിയേറ്ററിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ‘ലക്ഷ്യ’ സർട്ടിഫിക്കറ്റ‌് ലഭിച്ചു. ഇവടെ ഒരുക്കിയ നൂതന സൗകര്യങ്ങളാണ‌്  ആശുപത്രിക്ക‌് നേട്ടമായത‌്. സംസ്ഥാനത്ത‌് ലക്ഷ്യ സർട്ടിഫിക്കറ്റ‌് ലഭിക്കുന്ന സ‌്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ ആശുപത്രിയാണിത‌്.



ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ സെപ‌്തംബറിൽ കേന്ദ്ര സംഘം വിശദമായി പരിശോധിച്ചിരുന്നു. സജ്ജീകരണങ്ങളിൽ സംഘം  സംതൃപ‌്തി രേഖപ്പെടുത്തി. 100-ൽ 94 ശതമാനം മാർക്ക‌് നേടിയാണ‌് ആശുപത്രി ലക്ഷ്യ സർട്ടിഫിക്കറ്റ‌് കരസ്ഥമാക്കിയത‌്.  സർട്ടിഫിക്കറ്റ‌് ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ‌് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി രാജീവ‌് സദാനന്ദന‌് ലഭിച്ചു. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ  മന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോജ‌് ലജാനിയാണ‌് വിവരം അറിയിച്ചത‌്. ലക്ഷ്യ സർട്ടിഫിക്കറ്റിന്റെ ഭാഗമായി ആശുപത്രിക്ക‌് കേന്ദ്ര ഗ്രാന്റ‌് ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ എത്രയുംവേഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കും.

ഗുണ നിലവാരത്തിനുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ‌് സർട്ടിഫിക്കേഷൻ(എൻക്യുഎസി) കഴിഞ്ഞമാസം ആശുപത്രി നേടിയിരുന്നു.   ഇതിന്റെ ഭാഗമായി 20.06 ലക്ഷം രൂപ ആശുപത്രിക്ക‌് ഗ്രാന്റ‌് ലഭിച്ചു. ആശുപത്രിയുടെ കിടക്കകളുടെ എണ്ണത്തിനനുസരിച്ചാണ‌് ഇത‌്.  ഇവിടെ 206  പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട‌്. ഓരോ കിടക്കയ‌്ക്കും 10,000 രൂപ തോതിലാണ‌് 20,60,000 രൂപ ലഭിച്ചത‌്. സൂപ്രണ്ടിന്റെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ‌് ആശുപത്രിയുടെ നേട്ടങ്ങൾക്കു പിന്നിൽ. ഗുണനിലവാരത്തിന‌് ഇതുവരെ ആശുപത്രിക്ക‌് മൂന്ന‌് ദേശീയാംഗീകാരങ്ങൾ ലഭിച്ചു.

Post a Comment

0 Comments