കോഴിക്കോടിന് പുതിയ പാര്‍ക്കിങ് നയം വരുന്നു പാര്‍ക്കിങ് 'പെയ്ഡ്' ആവും




കോഴിക്കോട്: നഗരത്തിന് പുതിയ പാര്‍ക്കിങ് നയം രൂപവത്കരിക്കുന്നു. പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുക, നിശ്ചിതയിടങ്ങളില്‍ നിജപ്പെടുത്തുക, സ്വകാര്യവാഹനങ്ങളുടെ ഒഴുക്ക് കുറയ്ക്കുക, പാതയോരങ്ങളില്‍ അശ്രദ്ധമായി നിര്‍ത്തിയിടുന്ന രീതി ക്രമേണ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നതാണ് നയം.

ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ ഉപയോഗപ്പെടുത്തിയും ബഹുനിലക്കെട്ടിടങ്ങള്‍ സ്ഥാപിച്ചും പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തും. പൊതു, സ്വകാര്യ മേഖലകളിലായി തുറക്കുന്ന പാര്‍ക്കിങ്ങുകളില്‍ ഭൂരിഭാഗത്തിലും ഫീസ് ഈടാക്കും. നിശ്ചിതയിടങ്ങളില്‍ ഇളവുനല്‍കും. നഗരത്തെ എ, ബി, സി എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചായിരിക്കും ഫീസ് ഈടാക്കുക. വിശദമായ സര്‍വേ നടത്തിയശേഷമാണ് ടൗണ്‍ പ്ലാനിങ് വിഭാഗം കരട് പാര്‍ക്കിങ് നയം തയ്യാറാക്കിയത്. ഫീസ് ഈടാക്കുന്നതിന്റെ സാധ്യത, പരമാവധി എത്ര പാര്‍ക്കിങ് ലോട്ടുകള്‍ ആവശ്യമായിവരും തുടങ്ങിയവ കണ്ടെത്തുന്നതിന് 19 മേഖലകളില്‍ ഏറ്റവും തിരക്കേറിയ ദിവസം തിരഞ്ഞെടുത്താണ് സര്‍വേ നടത്തിയത്.

കാറുകള്‍, ബൈക്കുകള്‍, റിക്ഷ, സൈക്കിള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും തിരക്ക് കുറക്കുന്നതിനായി ബസ് സ്റ്റാന്‍ഡുകള്‍ നഗരത്തില്‍നിന്നു മാറ്റിസ്ഥാപിക്കണമെന്നും നയത്തില്‍ വ്യക്തമാക്കുന്നു. പാര്‍ക്കിങ് സംവിധാനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്രീകൃത അതോറിറ്റിയെ നിയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ പാര്‍ക്കിങ് ആക്കാം സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരത്തില്‍ പാര്‍ക്കിങ് നയം നിലവില്‍വരുന്നത്. ബീച്ച്, തൊണ്ടയാട് എന്‍.എച്ച്. ബൈപ്പാസ്, മാവൂര്‍ റോഡ്, പുഷ്പ ജങ്ഷന്‍ റോഡ് എന്നിവയുടെ പരിധിക്കകത്തുവരുന്ന നഗരഹൃദയമാണ് സോണ്‍ എ ആയി പരിഗണിക്കുക. ഈ മേഖലയ്ക്കുചുറ്റുമുള്ള പ്രദേശങ്ങള്‍ സോണ്‍ ബി ആയും, അവശേഷിക്കുന്നവ സി സോണ്‍ ആയും പരിഗണിക്കപ്പെടും. ഫീസ് നേരിട്ട് ശേഖരിക്കുന്ന രീതിയായിരിക്കും തുടക്കത്തില്‍ നിലവില്‍വരിക.

കോര്‍പ്പറേഷന് സ്വന്തംനിലയ്ക്കും സ്വകാര്യപങ്കാളിത്തത്തോടെയും പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലും പാര്‍ക്കിങ്ങുകള്‍ സ്ഥാപിക്കാം. സ്വകാര്യവ്യക്തികള്‍ക്ക് തങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ പാര്‍ക്കിങ് കേന്ദ്രമായി വിട്ടുനല്‍കാം. ഇത്തരക്കാര്‍ക്ക് നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ഒഴിഞ്ഞുകിടക്കുന്ന 25 പറമ്പുകള്‍ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവ നടത്തുന്നതിന് കുടുംബശ്രീപോലുള്ള സ്വാശ്രയസംഘങ്ങളെ ഏല്‍പ്പിക്കാനും ആലോചനയുണ്ട്. നഗരത്തിലെത്തുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്നതും പാര്‍ക്കിങ് നയത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ബസ് സ്റ്റാന്‍ഡുകള്‍ നഗരപ്രാന്തത്തിലേക്ക് മാറ്റിസ്ഥാപിക്കുക, പൊതുവാഹനങ്ങളുടെ എണ്ണം കൂട്ടുക, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയോട് ചേര്‍ന്ന് കൂടുതല്‍ പാര്‍ക്കിങ്ങുകള്‍ സ്ഥാപിക്കുക തുടങ്ങിയവയും നയത്തിന്റെ ഭാഗമാകും. കരട് പാര്‍ക്കിങ് നയത്തിന് റോഡ് സേഫ്റ്റി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവയ്ക്കുകയും പൊതുജന അഭിപ്രായത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.