നഗരപാതകളുടെ പരിപാലനത്തിന് ജനങ്ങളുടെ കാവൽ

കോഴിക്കോട്∙ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നഗരപാതകളുടെ പരിപാലനത്തിനായി ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അനധികൃത പാർക്കിങ്, പരസ്യ ബോർഡുകൾ, പാതയും പാതയോരവും വൃത്തികേടാക്കുന്ന പ്രവൃത്തികൾ എന്നിവയിൽ നിന്നു റോഡുകളെ സംരക്ഷിക്കുന്നതിനാണ് ജനകീയ കമ്മിറ്റികൾ.

മിനി ബൈപാസ് റോഡ് വർക്ക് ഷോപ്പുകാർ കയ്യേറി വൃത്തികേടാക്കിയെന്നും തീരദേശ പാത പരിപാലനമില്ലാതെ നശിച്ചെന്നും എ.പ്രദീപ്കുമാർ എംഎൽഎ യോഗത്തിൽ പറഞ്ഞു. ഈ ഗതികേടു പുതിയ റോഡുകൾക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇരുവശവുമുള്ള പാർക്കിങ് കാരണം പുതിയ റോഡുകൾ ഗതാഗത യോഗ്യമല്ലെന്നു യോഗത്തിൽ പങ്കെടുത്തുവർ പറഞ്ഞു.

ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, കോർപറേഷൻ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണു ജനകീയ കമ്മിറ്റികൾ. 14നു റോഡ് ഉദ്ഘാടന ശേഷം 15നു വൈകുന്നേരം അഞ്ചിനു കമ്മിറ്റി രൂപീകരണത്തിനാണ് ധാരണയായത്. അന്നേക്കു വിപുലമായി യോഗം വിളിക്കാനും കലക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനിച്ചു. പുതിയ റോഡുകളിൽ സിഗ്നൽ ലൈറ്റുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

15 വർഷത്തേക്ക് റോഡിന്റെ പരിപാലനം ഊരാളുങ്കൽ സൊസൈറ്റിക്കാണ്. റോഡിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ഒരു ജീവനക്കാരനെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ ജീവനക്കാരന്റെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തും. ആളുകൾക്ക് ഈ നമ്പരിൽ പരാതി പറയാൻ സൗകര്യം ഏർപ്പെടുത്തും. റോഡിൽ കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കും.

ആദ്യഘട്ടത്തിൽ സബ് കലക്ടറും ട്രാഫിക് പൊലീസും ചേർന്നു റോഡിൽ പരിശോധന നടത്താനും തീരുമാനിച്ചു. റോഡിൽ ഒരു തരത്തിലുമുള്ള കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നു കലക്ടർ യു.വി.ജോസും പ്രദീപ്കുമാർ എംഎൽഎയും മേയർ തോട്ടത്തിൽ രവീന്ദ്രനും പറഞ്ഞു. 14ന് ഉച്ചയ്ക്കു 12ന് ആണ് റോഡുകളുടെ ഉദ്ഘാടനം. ചേവരമ്പലം സെന്റ് മേരീസ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകൾ നാടിനു സമർപ്പിക്കും.