കോഴിക്കോട് ജില്ലയില്‍ ഗെയിൽ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയത് രണ്ടുകിലോമീറ്റര്‍ മാത്രം




കോഴിക്കോട്: ജില്ലയില്‍ ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയത് രണ്ട് കിലോമീറ്റര്‍ മാത്രം. പലയിടങ്ങളിലും ജനങ്ങളുടെ എതിര്‍പ്പുകാരണം പതുക്കെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കൊടിയത്തൂര്‍ മുതല്‍ ആയഞ്ചേരിവരെ 76.9 കിലോമീറ്റര്‍ ഇനിയും പൈപ്പിടാന്‍ ബാക്കിയുണ്ട്. കാര്‍ഷിക വിളകള്‍ മുറിച്ചുമാറ്റി ഇതില്‍ 9.5 കിലോമീറ്ററില്‍ ഭൂമി ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്നവയാണ് ഇഴഞ്ഞുനീങ്ങുന്നത്. പനങ്ങാട്, കോട്ടൂര്‍, ഉണ്ണികുളം, കൊടിയത്തൂര്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. ഉണ്ണികുളത്തും കൊടിയത്തൂരിലും പോലീസ് സംരക്ഷണത്തിലാണ് ജോലി പുരോഗമിക്കുന്നത്. ബാലുശ്ശേരി മേഖലയിലെ പനങ്ങാട്-കോട്ടൂര്‍ പഞ്ചായത്തുകളില്‍ വലിയ എതിര്‍പ്പുകളില്ല. അതുകൊണ്ടാണ് അവിടെ രണ്ടുകിലോമീറ്റര്‍ പൈപ്പിടാന്‍ കഴിഞ്ഞത്. ബാലുശ്ശേരി മേഖലയില്‍ ബാക്കി എട്ടുകിലോമീറ്റില്‍ സ്ഥലമെടുത്ത് പൈപ്പുകള്‍ വിളക്കിച്ചേര്‍ക്കലും നടക്കുകയാണ്. ജനകീയ പ്രതിഷേധംകാരണം ഒരു മാസത്തോളം പ്രവൃത്തി മുടങ്ങിയതിനാല്‍ കൊടിയത്തൂരില്‍ 1.5 കിലോമീറ്ററിലേ ഭൂമിയൊരുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2018 സെപ്റ്റംബറില്‍ സംസ്ഥാനത്ത് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി കമ്മിഷന്‍ ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശം. ഇതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രതിഷേധമുള്ളതിനാല്‍ ഏറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കോഴിക്കോട്ട് ഇപ്പോള്‍ കരഭൂമിയില്‍മാത്രമാണ് ജോലി നടക്കുന്നതെന്നാണ് ഗെയ്ല്‍ അധികൃതര്‍ പറയുന്നത്. പൈപ്പ് ലൈന്‍ കൂടുതലും വയല്‍പ്രദേശങ്ങളിലൂടെയാണ് കടന്നുപോവുന്നത്. വെള്ളക്കെട്ട് ഒഴിഞ്ഞാല്‍ അവിടെ ജോലി ആരംഭിക്കും. ഭൂവുടമകളെ കാണിച്ച് ഒപ്പിടുവിച്ചശേഷമാണ് കാര്‍ഷിക വിളകള്‍ വെട്ടിമാറ്റുന്നതെന്ന് ഗെയ്ല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക അനുവദിച്ചശേഷമാണ് സ്ഥലമെടുക്കുന്നത്. അനുവദിച്ചിട്ടും പലരും ചെക്ക് വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ഥലമെടുപ്പ് 20 മീറ്റര്‍ വീതിയില്‍ 20 മീറ്റര്‍ വീതിയിലാണ് സ്ഥലമെടുക്കുന്നതെങ്കിലും പൈപ്പ് കടന്നുപോവുന്നതിന്റെ രണ്ടുഭാഗത്തും അഞ്ചുമീറ്ററിലേ നിര്‍മാണത്തിനും മരം നടുന്നതിനും നിയന്ത്രണമുള്ളൂ. പദ്ധതി കമ്മിഷന്‍ ചെയ്തുകഴിഞ്ഞാല്‍ ഉടമകള്‍ക്കുതന്നെ സ്ഥലം വിട്ടുകൊടുക്കും. രണ്ടുമീറ്റര്‍ ആഴത്തിലാണ് 24 ഇഞ്ച് വീതിയുള്ള പൈപ്പ് സ്ഥാപിക്കുന്നത്. അതുകൊണ്ട് പൈപ്പ് ലൈന്‍ കടന്നുപോവുന്ന ഭാഗത്ത് എടുത്തുമാറ്റാവുന്ന ഷെഡ്ഡുകള്‍ സ്ഥാപിക്കാം. നെല്ല്, പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിയും അനുവദനീയമാണ്. അതുമാത്രമല്ല, 20 മീറ്റര്‍ ഏറ്റെടുക്കുന്നത് കുറഞ്ഞ ഭൂമിമാത്രമുള്ളവര്‍ക്ക് കൂടുതല്‍ സ്ഥലം നഷ്ടപ്പെടാത്ത രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്താനാണെന്നും ഗെയ്ല്‍ അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പ്രവൃത്തിനടക്കുന്ന സ്ഥലങ്ങളിലൊക്കെ കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സുരക്ഷയുടെ പ്രശ്‌നമുള്ളതിനാല്‍ 14ഡിഗ്രിയില്‍മാത്രമേ പൈപ്പ് പരമാവധി വളയ്ക്കാന്‍ പറ്റൂ. അതുകൊണ്ട് നേര്‍ദിശയില്‍തന്നെ കൊണ്ടുപോവണമെന്ന് ഇവര്‍ പറയുന്നു. നഷ്ടപരിഹാരം അപര്യാപ്തം, ആശങ്കകള്‍ക്കും പരിഹാരംകാണണമെന്ന് ഭൂവുടമകള്‍സ്ഥലമെടുക്കുമ്പോള്‍ ഗെയ്ല്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന് ഭൂ ഉടമകള്‍ പറയുന്നു. സെന്റിന് ഒരു ലക്ഷം രൂപവരെ കൊടുത്തുവാങ്ങിയ ഭൂമിക്ക് പത്തോ മുപ്പതിനായിരമോ നഷ്ടപരിഹാരം കിട്ടിയിട്ട് എന്തു ഗുണമാണുള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഭൂമി വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരത്തുക. പൈപ്പ് ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ അഞ്ചുസെന്റ് ഭൂമിയുള്ളയാള്‍ക്ക് വീടുവെയ്ക്കാന്‍ പറ്റാതെവരും. ഭൂമി വില്‍ക്കാന്‍ ശ്രമിച്ചാലും ആരും വാങ്ങുകയുമില്ല. ബാങ്ക് വായ്പയെടുക്കാനും തടസ്സങ്ങളുണ്ടാവുമെന്നാണ് ആളുകളുടെ ആശങ്ക. ഇതിന് പരിഹാരം കാണണമെന്നാണ് ഇവര്‍ പറയുന്നത്. കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് പകരം സ്ഥലംനല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഭൂമി നഷ്ടപ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. അവരെ പോലീസ് തീവ്രവാദികളാക്കുകയാണെന്ന് സമര സമിതി ഭാരവാഹികള്‍ പറയുന്നു.