കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരില്‍ പ്രതീക്ഷ: ബിനോ ജോര്‍ജ്ജ്


കോഴിക്കോട്:ഐ ലീഗ് 11-ാം എഡിഷന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടന്നു. പത്തു ടീമുകളുടെയും പരിശീലകരും താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഡെല്‍ഹിയില്‍ വെച്ചായിരുന്നു ലോഞ്ച്. കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലത്തെ പ്രതിനിധീകരിച്ച്‌ പരിശീലകന്‍ ബിനോ ജോര്‍ജ്ജും ടീം ക്യാപ്റ്റന്‍ സുശാന്ത് മാത്യുവും ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് തങ്ങള്‍ക്ക് മികച്ച പിന്തുണ ഗ്യാലറിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത് എന്ന് കോച്ച്‌ ബിനോ ജോര്‍ജ്ജ് ചടങ്ങില്‍ പറഞ്ഞു. മലപ്പുറം വിട്ടു മാറേണ്ടി വന്നത് നിര്‍ഭാഗ്യകരമാണെന്നും ബിനോ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് ഇതിഹാസ താരങ്ങളെ സമ്മാനിച്ച കേരളം ഇനിയും അതാവര്‍ത്തിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച്‌ സുശാന്ത് മാത്യുവും സംസാരിച്ചു.

25-ന് ആരംഭിക്കുന്ന ഐ-ലീഗിൽ ഗോകുലത്തെ കൂടാതെ രണ്ടു പുതിയ ടീമുകള്‍ കൂടെ ഇത്തവണ എത്തുന്നുണ്ട്. മണിപ്പൂര്‍, ഇംഫാലില്‍ നിന്നുള്ള നെരോകാ എഫ്സിയും, ഇന്ത്യന്‍ യുവതാരങ്ങളെ ചേര്‍ത്ത് ഒരുക്കിയ ഇന്ത്യന്‍ ആരോസും. വിജയികള്‍ക്ക് (1 കോടി), റണ്ണേഴ്സ് അപ്പില്‍ (60 ലക്ഷം), മൂന്നാം സ്ഥാനം (40 ലക്ഷം), നാലാം സ്ഥലം (25 ലക്ഷം) എന്നിങ്ങനെയാണ് ഐ-ലീഗിലെ സമ്മാന തുക.