സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള സർവേ ആരംഭിച്ചു


കോഴിക്കോട്:സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള സർവേ ജില്ലയിൽ ആരംഭിച്ചു. വിവരശേഖരണം നടത്തുന്ന ജീവനക്കാർക്കുള്ള പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫിസിലെ ഡോ. കെ. ലതിക ഇൻവെസ്റ്റിഗേറ്റർമാരുടെ സംശയങ്ങൾ ദുരീകരിച്ചു.

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഉദ്യഗസ്ഥരാണ്, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ സന്ദർശിച്ച് സർവേക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി കിടത്തിച്ചികിത്സ ഉള്ളതും ഇല്ലാത്തതും, റജിസ്ട്രേഷൻ ഉള്ളതുമായ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കുക, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം കണക്കാക്കുക, ഒപി/ഐപി വിഭാഗങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചു വിലയിരുത്തുക, നൂതന ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് മനസ്സിലാക്കുക, മാലിന്യ നിർമാർജന മാർഗങ്ങളെക്കുറിച്ച് അറിയുക, സംസ്ഥാന വരുമാനത്തിൽ ഈ മേഖലയുടെ സംഭാവന കണക്കാക്കുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യങ്ങൾ.