ചുമരുകൾക്ക് ഭംഗിയേകാൻ കംപാഷണേറ്റ് കോഴിക്കോടിനൊപ്പം അവരും


ചുമരുകൾക്ക് ഭംഗിയേകാൻ കംപാഷണേറ്റ് കോഴിക്കോടിനൊപ്പം  അവരും


കോഴിക്കോട്: കടൽ കടന്നെത്തിയ സായിപ്പൻമാർ ചായക്കൂട്ടുകളുപയോഗിച്ച് തെരുവുചിത്രങ്ങൾ വരക്കുന്നതുകണ്ട നാട്ടുകാരിൽ കൗതുകം. പാവമണി റോഡോരത്ത് ഡിഡിഇ ഓഫിസ് വളപ്പിന്റെ ചുറ്റുമതിലിലാണ് സായിപ്പൻമാരും മദാമ്മമാരും ചേർന്നു ചിത്രങ്ങൾ വരച്ചത്.


പഠനാവശ്യത്തിനായി നോർവേയിൽ നിന്നെത്തിയ ഇവർ കംപാഷണേറ്റ് കോഴിക്കോടിനൊപ്പം ചേർന്നാണ് ചിത്രം വരയിൽ പങ്കാളികളായത്. മണിചിത്രത്തൂൺ പദ്ധതിയിൽ നഗരത്തിലെ ചുമരുകളിൽ ചിത്രം വരയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവരും ബ്രഷ് എടുത്തത്. വിദേശികൾ ചുമർ ചിത്രം വരക്കുന്നതുകണ്ട് ചിലർ വാഹനങ്ങൾ നിർത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പലരും ചിത്രത്തിനൊപ്പം നിന്നു സെൽഫിയെടുത്തു. മറ്റു ചിലർക്ക് ഇത്തരം പെയിന്റിങ്ങിനെ കുറിച്ച് അറിയണം.


നോർവേയിൽ ഫു‍ഡ് ആൻഡ് ന്യൂട്രീഷ്യൻ കോഴ്സ് പഠിക്കുന്ന ഇവർ കേരളത്തിലെ രുചികളെക്കുറിച്ച് പഠിക്കാനാണ് ഇവിടെയെത്തിയത്. മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനിടെ ഒരു ദിവസം പാലിയേറ്റീവ് കെയറിലെ അംഗങ്ങളോടൊപ്പം ചെലവഴിച്ചു. മറ്റൊരുദിവസം പഠനാവശ്യത്തിനായി പലയിടങ്ങളിൽ പോയി. ഇന്നലെ നഗരത്തിൽ പെയിന്റിങ്ങിനും പങ്കാളികളായി. രാത്രിയോടെ തഞ്ചാവൂരിലേക്ക് തിരിച്ചു. സിആർസി ഡയറക്ടർ ഡോ. കെ.എൻ. റോഷൻ ബിജ്‌ലി, കംപാഷണേറ്റ് വൊളന്റിയർമാർ എന്നിവരും ഇവർക്കൊപ്പം ചിത്രം വരയ്ക്ക് നേതൃത്വം നൽകി.