കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രാഥമിക ചികിത്സാ കേന്ദ്രം


കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ബൂത്തുകള്‍ അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എരഞ്ഞിപ്പാലത്തെ മലബാര്‍ ആസ്​പത്രിയും കണ്ണൂരില്‍ വി.ഐ.പി. ലോഞ്ചിന് സമീപമായി ദേശീയ ആരോഗ്യ മിഷനുമാണ് ബൂത്ത് ആരംഭിക്കുക. ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. ഒരു പാരാ മെഡിക്കല്‍ ജീവനക്കാരനും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങളും ഒരു ആംബുലന്‍സും ഉള്‍പ്പെട്ടതായിരിക്കും ബൂത്ത്. 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. കോഴിക്കോടിനും കണ്ണൂരിനും പുറമേ, ഷൊര്‍ണൂര്‍ ജങ്ഷന്‍, മംഗലാപുരം ജങ്ഷന്‍ എന്നിവിടങ്ങളിലേക്കും മെഡിക്കല്‍ ബൂത്ത് നടത്താന്‍ അപേക്ഷകരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. കണ്ണൂരില്‍ ദേശീയ ആരോഗ്യ മിഷനുവേണ്ടി ആംബുലന്‍സ് ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ട്രസ്റ്റാണ് ഏര്‍പ്പെടുത്തുക. സൗജന്യമാണ് ഈ സേവനം. പ്രാഥമിക ചികിത്സയ്ക്കുശേഷം അസുഖബാധിതരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്കോ ജനറല്‍ ആസ്​പത്രിയിലേക്കോ മാറ്റും.