തീരദേശ ഹൈവേ വികസനം: ഫ്രാൻസിസ് റോഡ് ജംക്‌ഷൻ മുതൽ പുതിയാപ്പവരെ ആദ്യം


കോഴിക്കോട്:തീരദേശ ഹൈവേ വികസനത്തിന്റെ ഭാഗമായി ഫ്രാൻസിസ് റോഡ് ജംക്‌ഷൻ മുതൽ പുതിയാപ്പവരെയുള്ള ബീച്ച് റോഡ് ആദ്യം നവീകരിക്കാൻ പദ്ധതി. തീരദേശ ഹൈവേയുടെ വീതി സംബന്ധിച്ചു തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നിലവിൽ 17 മുതൽ 21 മീറ്റർവരെ വീതിയുള്ള ബീച്ച് റോഡിന്റെ ഭാഗം നവീകരിക്കാൻ പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം സർക്കാരിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. ഹൈവേയുടെ വീതി എട്ടുമീറ്ററായി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് 12 മീറ്റർ വേണമെന്ന നിർദേശമുയർന്നതോടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കുന്നതു വൈകുകയാണ്.

ഈ സാഹചര്യത്തിൽ ആവശ്യത്തിനു സ്ഥലം ലഭ്യമായ ഭാഗമെന്ന നിലയിലാണ് ഈ ഭാഗം നവീകരിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ രണ്ടാഴ്ചകൊണ്ട് ഇൻവെസ്റ്റിഗേഷൻ നടത്താമെന്നും ഡിപിആർ തയാറാക്കി പ്രവൃത്തി ടെൻഡർ ചെയ്യാമെന്നും ദേശീയപാതാ വിഭാഗം അറിയിച്ചു. ഒൻപതര കിലോമീറ്റർ വരുന്ന റോഡ് ബിഎം ബിസി ചെയ്യുക, നടപ്പാത നവീകരിക്കുക, കൈവരി സ്ഥാപിക്കുക, കൂടുതൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുക, സൈൻബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികളാണു ചെയ്യുക.

തീരദേശ ഹൈവേയിൽ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്ത 11 കിലോമീറ്റർ വരുന്ന വെങ്ങളം – കാപ്പാട്– കൊയിലാണ്ടി ഹാർബർ റോഡും 4.5 കിലോമീറ്റർ വരുന്ന കടലുണ്ടി – ചാലിയം– കരുവൻതിരുത്തി റോഡുമാണ് ആദ്യം വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇവയുടെ ഡിപിആറുകളും സർക്കാരിനു സമർപ്പിച്ചിരുന്നു. വീതിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.