ബാലുശേരി പുഷ്പോൽസവം നാളെ മുതല്‍
കോഴിക്കോട്:ബാലുശേരി പുഷ്പോൽസവം നാളെ മുതല്‍. ബാലുശേരിയിലെ സത്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ബാലുശേരി പുഷ്പോൽസവം നാളെ തുടങ്ങുമെന്ന് ഭാരവാഹികളായ സിബി ജോസഫും ജോബി ജോണും അറിയിച്ചു. പൂക്കളുടെ പ്രദർശനത്തിനൊപ്പം പൂച്ചെടികളുടെയും ഫല വൃക്ഷത്തൈകളുടെയും വിത്തുകളുടെയും വിൽപനസ്റ്റാൾ ഒരുക്കിയിട്ടുണ്ട്. കാൽലക്ഷം ചതുരശ്ര അടിയിലാണ് പ്രദർശന സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ ചെടികൾ പ്രദർശനത്തിലുണ്ടാകും.

വിവിധ നിറങ്ങളിലുള്ള ആയിരക്കണക്കിന് പനിനീർ ചെടികൾ, അലങ്കാര ചീരകൾ, ക്രിസാന്തിമം പൂക്കൾ, പെറ്റ്യൂണിയ, വൈവിധ്യമാർന്ന ബോൺസായ് ചെടികൾ, വിവിധ തരം ഓർക്കിഡുകൾ, കലാഞ്ചിയോ, റൊട്ടൻസിപ്പോജിയോ തുടങ്ങിയ ഇനങ്ങൾ പുഷ്പോൽസവത്തിന് മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ പറഞ്ഞു. തായ്‌ലൻഡ് പപ്പായ, ഹൈബ്രിഡ് മാവ്, സപ്പോട്ട, കുള്ളൻ തെങ്ങ് തുടങ്ങിയവ വിൽപനയ്ക്കുണ്ടാകും. പുഷ്പോൽസവത്തിനൊപ്പം അമ്യൂസ്മെന്റ് പാർക്ക് ഒരുക്കിയിട്ടുണ്ട്.

പോളാരിയോ റൈഡ്, കുതിര സവാരി എന്നിവ ഉൾപ്പെടുന്നതാണ് പാർക്ക്. രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം. 30 രൂപയാണ് പ്രവേശന നിരക്ക്. രാത്രി 7.30 മുതൽ എല്ലാ ദിവസവും കലാ പരിപാടികൾ ഉണ്ടാകും. 31വരെ നീണ്ടു നിൽക്കുന്ന പ്രദർശനം നാളെ വൈകിട്ട് പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.