കാലിക്കറ്റ് ഫ്ലവർഷോയ്ക്ക് ഇന്നു തുടക്കംകോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ കാലിക്കറ്റ് ഫ്ലവർഷോയ്ക്ക് ഇന്ന് പി.ടി. ഉഷാ റോ‍ഡിലെ താജ് ഹോട്ടലിനു സമീപത്തെ കെടിസി ഗ്രൗണ്ടിൽ തുടക്കമാകും. 31 വരെ നീളുന്ന ഈ വർഷത്തെ പുഷ്പമേളയുടെ സന്ദേശം ജൈവകൃഷി പ്രോത്സാഹനമാണ്. വൈകിട്ട് അഞ്ചിനു മേയർ തോട്ടത്തിൽ രവീന്ദ്രനാണ് മേള ഉദ്ഘാടനം ചെയ്യുക. 

കാലിക്കറ്റ് ഫ്ലവർഷോയുടെ ചരിത്രത്തിലാദ്യമായി ഏകദേശം 20,000 ചതുരശ്ര അടി വിസ്തീർണതയിലുള്ള പൂന്തോട്ടമാണ് പ്രദർശന നഗരിയിൽ ഒരുങ്ങുന്നത്. പ്രകൃതിയെയും പുഷ്പങ്ങളെയും സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകായെന്നതാണ് ഈ ഫ്ലവർഷോ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മേളയുടെ ജനറൽ കൺവീനർ പി.വി. ഗംഗാധരനും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം. രാജനും പറഞ്ഞു. അപൂർവ ഇനം പൂച്ചെടികൾക്കു പുറമെ പനയും മുളയും വെർട്ടിക്കൽ ഗാർഡനും എല്ലാം കൂടി ചേർന്ന് തയാറാക്കുന്നതാണ് പ്രദർശന നഗരി. 

സർക്കാർ സ്ഥാപനങ്ങളായ ചെലവൂർ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കൂത്താളി ജില്ലാ കൃഷിഫാം, പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം, വെസ്റ്റ്ഹിൽ അടയ്ക്കാ സുഗന്ധവിള ഗവേഷണ കേന്ദ്രം, വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിക്കോടി കോക്കനട്ട് നഴ്സറി, മലബാർ ബോട്ടണിക്കൽ ഗാർഡൻ എന്നീ സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തും. 

പുഷ്പപ്രേമികൾ അവരുടെ വീടുകളിൽ ഓമനിച്ചു വളർത്തുന്ന അലങ്കാരപൂച്ചെടികൾ പ്രദർശനത്തിനായി പുഷ്പോൽസവത്തിൽ സജ്ജമാക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ നഴ്സറികളെ കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പണിയായുധങ്ങളും വളവും കീടനാശിനികളും ലഭിക്കുന്ന വിവിധ സ്റ്റാളുകളും പ്രദർശന നഗരിയിലുണ്ടാകും. ഉദ്യാനപാലനത്തിനു 60ഓളം മൽസരങ്ങൾക്കു പുറമെ കുട്ടികൾക്ക് ചിത്രരചനാ മൽസരം, പുഷ്പാലങ്കാര മൽസരം, പുഷ്പറാണി–പുഷ്പരാജ മൽസരം എന്നിവയും സംഘടിപ്പിക്കും. മേളയുടെ ഭാഗമായി ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും. 

പുഷ്പമേള വിളംബരം ചെയ്ത് ഇന്ന് വൈകീട്ട് അഞ്ചിനു നഗരത്തിൽ പുഷ്പാലംകൃത വാഹന റാലി നടക്കും. പുഷ്പമേളയുടെ എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ നടക്കും. പ്രവേശനം ടിക്കറ്റ് വഴിയാണ്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും സ്കൂൾ വിദ്യാർഥികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Calicut Flower Show 2018