ഓൺലൈൻ ടാക്സി: യാത്രക്കാരും സംഘടിക്കുന്നു
കോഴിക്കോട്:നഗരത്തിലെ ഓൺലൈൻ ടാക്സി സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ യാത്രക്കാരുടെ കൂട്ടായ്മയൊരുങ്ങുന്നു. ഇന്നലെ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ യാത്രക്കാരുടെ യോഗം ചേർന്നു. ഓൺ ലൈൻ ടാക്സിയിൽ സഞ്ചരിക്കുന്നവരെ ചിലർ സംഘടിതമായി തടയുന്നത് സഞ്ചാര സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നു യോഗം വിലയിരുത്തി. ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നു യോഗം അഭ്യർഥിച്ചു.

ഓൺ ലൈൻ ടാക്സി സംവിധാനം നിലനിർത്താനും സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കലക്ടർക്കു നിവേദനം നൽകാൻ തീരുമാനിച്ചു. മറ്റ് നഗരങ്ങളിലെപ്പോലെ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ ഇവിടത്തെ ടാക്സിക്കാരും തയാറാകണം. യാത്രക്കാർക്ക് ഗുണകരമായ സംവിധാനമാണിത്. അതിനാൽ എല്ലാ ടാക്സിക്കാരും ഓൺ ലൈൻ ആപ് ആരംഭിച്ചു നെറ്റ് വർക്കിൽ ചേർന്നു പ്രശ്നം പരിഹരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സമിതി ജില്ലാ പ്രസിഡന്റ് ടി.കെ.എ.അസീസ് ആധ്യക്ഷ്യം വഹിച്ചു.

പി.പി.ഉണ്ണിക്കൃഷ്ണൻ, മൂസ പന്തീരാങ്കാവ്, കെ.വി.സുനിൽകുമാർ, ജോൺസൺ വില്യം, രവീന്ദ്രൻ പാറോൽ, കെ.ഗോകുലൻ, ടി.രാമചന്ദ്രൻ, പി.ശിവാനന്ദൻ, സി.സുന്ദരൻ, ജനറൽ സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണൻ, വി.പി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.