സ്വച്ഛ് ഭാരത് അഭിയാൻ: ജില്ലയിലെ ആശുപത്രികൾക്കു പുരസ്കാരം



  • ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു.


കോഴിക്കോട്:കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചിത്വം നിലനിർത്തുന്ന ആശുപത്രികൾക്കുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം. താലൂക്ക് തലത്തിൽ രണ്ടാം സമ്മാനം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു.

10 ലക്ഷം രൂപയാണ് സമ്മാനത്തുക. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ കല്ലുനിര അർബൻ പ്രൈമറി ഹെൽത്ത്് സെന്ററിന് രണ്ടാം സ്ഥാനം (1.5 ലക്ഷം രൂപ) ലഭിച്ചു. ജില്ലാ ആശുപത്രി തലത്തിൽ ബീച്ചിലെ ഗവ. ജനറൽ ആശുപത്രിക്ക് നാലാം സ്ഥാനം (മൂന്നു ലക്ഷം) ലഭിച്ചു.

ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി ബാലുശ്ശേരി ബ്ലോക്കിലെ പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു (രണ്ട് ലക്ഷം). ജില്ലയിൽ അന്തിമ പട്ടികയിൽ ഇടം നേടിയ എല്ലാ ആശുപത്രികൾക്കും പുരസ്കാരം നേടാനായി. ആശുപത്രികളുടെ ശുചിത്വം, രോഗ നിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം, ആരോഗ്യ പ്രവർത്തകരുടെ ശുചിത്വ അവബോധം എന്നീ മാനദണ്ഡങ്ങളാണ് അവാർഡ് നൽകുന്നതിനായി പരിഗണിക്കുന്നത്.