ഫിഷറീസ് അധികൃതർ ബോട്ടുകളിൽ പരിശോധന നടത്തി: ബേപ്പൂരിൽ പ്രതിഷേധം



കോഴിക്കോട്:ബോട്ടുകളിൽ നിന്നു കിളിമീൻ ഇറക്കുന്നതു ഫിഷറീസ് അധികൃതർ തടഞ്ഞതിനെ ചൊല്ലി ബേപ്പൂർ ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഹാർബറിലെ പണികൾ നിർത്തിവച്ച തൊഴിലാളികൾ ബഹളംവച്ചു. ഒടുവിൽ നടപടിയെടുക്കാതെ താൽക്കാലികമായി ഉദ്യോഗസ്ഥർ മടങ്ങി. ഫിഷറീസ് അസി. ഡയറക്ടർ പി.കെ. രഞ്ജിനി, മറൈൻ എൻഫോഴ്സ്മെന്റ് സിഐ എസ്.എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഹാർബറിൽ പരിശോധന നടത്തിയിരുന്നു. 

ഇതിനിടെ കിളിമീൻ ഇറക്കുന്നതു തടഞ്ഞതാണ് പ്രതിഷേധത്തിനു കാരണമായത്.  ബോട്ടിലുണ്ടായ ഇടത്തരം വലുപ്പമുള്ള കിളിമീൻ ഭക്ഷ്യ യോഗ്യമല്ലെന്നു പറഞ്ഞാണ് അധികൃതർ ഇറക്കുന്നതു തടഞ്ഞത്. ജെട്ടിയിൽ ഇറക്കിയ കിളിമീൻ നദിയിൽ തള്ളാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി.മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടു ബോട്ടുകളിൽ കയറി പരിശോധിക്കാൻ ഫിഷറീസ് അസി. ഡയറക്ടർ നിർദേശിച്ചതോടെ തൊഴിലാളികൾ എതിർത്തു. പരിശോധന സാധ്യമാകില്ലെന്ന ഘട്ടമായപ്പോൾ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 

ചെറുമത്സ്യം പിടിക്കുന്നതിനുള്ള നിരോധനത്തിന്റെ മറവിൽ‌ മീൻപിടിത്തവും വിപണനവും ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയാണെന്നു തൊഴിലാളികൾ ആരോപിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിക്കുന്നുവെന്ന പേരിൽ അകാരണമായി ബോട്ടുകൾ പിടികൂടി പിഴ ചുമത്തുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു തൊഴിലാളികൾ പറഞ്ഞു. അതേസമയം ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമീനുകൾ വ്യാപകമായി പിടിച്ചെത്തിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഹാർബറിൽ പരിശോധന നടത്തിയതെന്നും ഇതു തുടരുമെന്നും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സിഐ എസ്.എസ്. സുജിത്ത് പറഞ്ഞു.