കോംട്രസ്‌റ്റ് ഏറ്റെടുക്കാനുള്ള ബില്ലിനു രാഷ്‌ട്രപതിയുടെ അംഗീകാരം, സംസ്ഥാന സർക്കാർ വിജ്ഞാപനം ഇന്ന്കോഴിക്കോട്:മാനാഞ്ചിറയിലെ കോംട്രസ്‌റ്റ് നെയ്ത്തുഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാനുള്ള ബില്ലിനു രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ആശ്വാസംകൊള്ളുന്നതു 107 തൊഴിലാളികുടുംബങ്ങൾ. നഷ്ടത്തിലായതിനാൽ പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് മാനേജ്മെന്റ് കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത് 2009 ഫെബ്രുവരി ഒന്നിനാണ്. അന്നു മുതൽ  സർക്കാർ ഇടപെടൽ കാത്തിരിക്കുന്നവരാണ് ഇവിടെനിന്ന് തൊഴിൽ നഷ്ടപ്പെട്ട 107 കുടുംബങ്ങൾ.

ഇവരിൽ പലരുടെയും ജീവിതം നരകതുല്യമായി കഴിയുന്നതിനിടെയാണ് ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫാക്ടറി പൂട്ടുമ്പോൾ 287 തൊഴിലാളികളാണ് അവശേഷിച്ചിരുന്നത്. അതിൽ 180 പേർ മാനേജ്മെന്റിന്റെ വ്യവസ്ഥകൾ അംഗീകരിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റി പിരിയുകയായിരുന്നു. ഫാക്ടറി തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തു തുടർന്നവരാണ് 107 പേർ. ഇവർക്ക് പിന്നീട് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 5000 രൂപ പ്രതിമാസ ആനുകൂല്യമാണ് ജീവിതത്തിനു തുണയായത്. അതു മാത്രമാണ് ഇവരിൽ  പലരുടെയും വരുമാനമാർഗം. 107 പേരിൽ രണ്ടു പേർ മരിച്ചുപോയി. പലരും  പൂട്ടിക്കിടക്കുന്ന മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിക്കു മുന്നിൽ എന്നും വന്നുപോകുന്നവരാണ്. 

എന്നെങ്കിലും അനുകൂലനടപടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാവരും. കോംട്രസ്റ്റ് വീവിങ് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവർ ഇക്കഴിഞ്ഞ ഒൻപതു വർഷവും പ്രക്ഷോഭപാതയിലുമായിരുന്നു. അതോടൊപ്പം നഗരത്തിന്റെ മുദ്രയായ കോംട്രസ്റ്റ് കെട്ടിടം സംരക്ഷിക്കപ്പെടണമെന്ന പൊതുആവശ്യവും അംഗീകരിക്കപ്പെടുകയാണ്. പൈതൃകമുദ്രകളിൽ പലതും നഷ്ടപ്പെട്ട കോഴിക്കോട് നഗരത്തിന് അവശേഷിക്കുന്ന പൈതൃകക്കെട്ടിടങ്ങളിലൊന്നാണ് 175 വർഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് കെട്ടിടം. കോഴിക്കോടിന്റെ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായിരുന്നു കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിൽനിന്നുള്ള ഉൽപന്നങ്ങൾ. 2009 ഫെബ്രുവരി ഒന്നിന് മുന്നൂറോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനൊപ്പം പിന്നീട് ഇവിടെനിന്നുള്ള തുണിത്തരങ്ങളൊന്നും ലോകം കണ്ടതുമില്ല. 

തൊഴിലാളികളുടെ സംരക്ഷണത്തിനായി വ്യവസായ മ്യൂസിയവും ഉൽപാദനകേന്ദ്രവും സ്‌ഥാപിക്കാൻ ലക്ഷ്യമിട്ട് കേരളനിയമസഭ 2012 ജൂലൈ 25ന് പാസാക്കിയ ബിൽപ്രകാരം ഇവിടെ പുതിയ നെയ്ത്തുശാല  സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ബില്ലിന് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ അവശേഷിക്കുന്ന സ്ഥലത്ത് കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിൽ അത്തരമൊരു നെയ്ത്തുശാല വരുമെന്ന് പ്രതീക്ഷിക്കാം. 


അത്രയൊന്നും ശക്തരല്ലാത്ത തൊഴിലാളികളുടെ കൂട്ടായ്മയിൽ കഴിഞ്ഞ ഒൻപതു വർഷമായി തുടർന്ന പോരാട്ടങ്ങൾക്കു തിലകം ചാർത്തിയ പരിസമാപ്തിയാണ് കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുത്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ വന്നുചേർന്നിരിക്കുന്നത്. സിപിഎം ഉൾപ്പെടെ പ്രമുഖ യൂണിയനുകളെല്ലാം സമരത്തിൽനിന്നു പിൻവാങ്ങിയപ്പോൾ യൂണിയനുകളുടെ കൊടികളെ അപ്രസക്തമാക്കിയ ഏതാനും തൊഴിലാളികളുടെ കൂട്ടായ്മയിൽ രൂപമെടുത്ത കോംട്രസ്റ്റ് വീവിങ് ആക്‌ഷൻ കമ്മിറ്റിയുടെ അതിശക്തമായ ചെറുത്തുനിൽപ്പിൽ മാനേജ്മെന്റിന്റെ പോരാട്ടത്തിന് പരാജയം സമ്മതിക്കേണ്ടിവന്നു. പി. ശിവപ്രകാശ്, ഇ.സി. സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അൻപതോളം പേരിലൊതുങ്ങുന്നതായിരുന്നു പല സമരങ്ങളും. എന്നാൽ നഗരത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ എന്നും ഇവരുടെ പോരാട്ടത്തിനുണ്ടായിരുന്നു. അതായിരുന്നു കോംട്രസ്റ്റ് സംരക്ഷണപോരാട്ടത്തിന്റെ വിജയവും. ഇവർ നേരിട്ട കേസുകളും ഏറെയായിരുന്നു. നെയ്ത്തുഫാക്ടറിയുടെ 1.63 ഏക്കർ ഭൂമി മാനേജ്മെന്റ് സ്വകാര്യ സംരംഭകരായ പ്യൂമിസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടീസിനു കൈമാറിയതോടെ അതിശക്തമായ സമരങ്ങളാണു നടന്നത്.

സ്ഥലം കൈമാറാനും  കെട്ടിടം പൊളിക്കാനും അനുവദിക്കില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തു. തറികൾ പൊളിച്ചുനീക്കാൻ പ്യൂമിസിന്റെ തൊഴിലാളികൾ ശ്രമിച്ചപ്പോൾ തടഞ്ഞു. പ്യൂമിസിനു കൈമാറിയ 1.63 ഏക്കറിലുള്ളത് പൈതൃക കെട്ടിടമാണെന്നും തറികളും ഷെഡും പൈതൃക മൂല്യമുള്ളതാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാനെടുത്ത അഞ്ചര വർഷംകൊണ്ട് മാനാഞ്ചിറയിലെ പൈതൃക കെട്ടിടത്തിനു നേരിട്ട നാശനഷ്ടം ചെറുതല്ല. മാനേജ്മെന്റോ സർക്കാരോ ഈ കെട്ടിടം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പൈതൃകസംരക്ഷണത്തിന് മുറവിളി കൂട്ടിയ സംഘടനകളുടെ ആവശ്യവും എവിടെയും ചെന്നെത്തിയില്ല. മഴയിൽ മതിൽ തകർന്നുവീണതിനൊപ്പം പുരാതനകെട്ടിടത്തിനകത്തുനിന്ന് സംരക്ഷിക്കപ്പെടേണ്ടവയെല്ലാം കവർച്ച ചെയ്യപ്പെട്ടുകഴിഞ്ഞതായാണ് വിവരം. ഫാക്ടറിയുടെ കിഴക്കുഭാഗത്തെ കെട്ടിടം തകർന്നുവീണത് കഴിഞ്ഞ മഴയിലാണ്. ഇതിന്റെ അവശിഷ്ടങ്ങൾ ചുറ്റുമതിലിനു മുകളിലേക്കു തകർന്നു വീണതോടെ മതിലിന്റെ ഒരു ഭാഗം പൂർണമായും തകർന്ന് റോഡിലേക്കും വീണു. ഇതിനു സമീപത്തെ മറ്റു ഭാഗങ്ങളും ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പുതിയ സാഹചര്യത്തിൽ പൈതൃകമായി സംരക്ഷിക്കേണ്ട ഈ കെട്ടിടവും സ്ഥലവും സംരക്ഷിക്കുന്നതിനാവശ്യമായ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇന്ന് പുറപ്പെടിക്കും