ജനങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയത് 8986 നിയമലംഘനങ്ങൾ; പിഴ 5,40300 രൂപ; നഗരത്തിലെ സിസി വിജിൽ സൂപ്പർ ഹിറ്റ്



കോഴിക്കോട്: ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി പോലീസിന്റെ മാത്രമല്ല കോഴിക്കോട്ടെ നാട്ടുകാരുടെ ക്യാമറക്കണ്ണിലും നിങ്ങൾ പെടും. പെറ്റി നോട്ടീസ് വീട്ടിലെത്തും. നാല് മാസം മുമ്പ് ഇങ്ങനെയൊരു മുന്നറിയിപ്പുമായിട്ടായിരുന്നു കോഴിക്കോടിന്റെ പലഭാഗങ്ങളിലും സിറ്റി ട്രാഫിക്കിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. പുതിയ സ്റ്റാൻഡിലും, കെ.എസ്.ആർ.ടി.സിയിലും റെയിൽവേ സ്റ്റേഷനിലും മറ്റ് ആള് കൂടുന്ന ഇടങ്ങളിലൊക്കെ ഈ നോട്ടീസിനെ ഒന്ന് ശ്രദ്ധിച്ച് മാത്രമേ ജനങ്ങൾ കടന്ന് പോയുള്ളൂ. പദ്ധതിയുടെ പേര് സിസി വിജിൽ.



സിമ്പിളായി പറഞ്ഞാൾ ട്രാഫിക് നിയമലംഘനം കണ്ടെത്തിയാൽ ജനങ്ങൾക്ക് ഫോട്ടോയോ വീഡിയോ എടുത്ത് ട്രാഫിക്ക് പോലീസിനയക്കാം, നടപടി ഉടൻ വരും. എന്നാൽ സിസി വിജിൽ ഇത്ര വലിയ താരമാകുമെന്ന് നാല് മാസം മുമ്പ് ഒരു പക്ഷെ കോഴിക്കോട് സിറ്റി പോലീസ് പോലും കരുതിയിട്ടുണ്ടാവില്ല. അത്രമാത്രം ഹിറ്റായിരിക്കുകയാണ് സംഭവം. ഇതിലൂടെ പോലീസിന് കഴിഞ്ഞ നാല് മാസത്തിനിടെ ലഭിച്ചത് 8986 പരാതികൾ; 5,40300 രൂപ പിഴ.

ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ സ്വന്തം മൊബൈലിൽ എടുത്ത് ട്രാഫിക് പോലീസിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്ക് അയച്ചുകൊടുക്കുന്നതായിരുന്നു സിസി വിജിൽ പദ്ധതി. സ്ഥലവും സമയവും കൃത്യമായി പറയണം. ട്രാഫിക് നിയമലംഘനമുണ്ടായതായി ബോധ്യപ്പെടുകയാണെങ്കിൽ വാഹന ഉടമ വീട്ടിലെത്തുമ്പോഴേക്കും സിറ്റി ട്രാഫിക്കിന്റെ വിളി വരും. അല്ലെങ്കിൽ പിറ്റെ ദിവസം പെറ്റി നോട്ടീസ് എത്തും.



ട്രാഫിക്ക് പോലീസിന്റെ വാട്സ് ആപ് നമ്പറായ 6238488686 ലേക്ക് തീയതിയും സഹിതം പരാതി പറയുന്ന സംവിധാനമാണ് സിസി വിജിൽ അഥവാ കാലിക്കറ്റ് സിറ്റിസൺ വിജിൽ എന്ന പദ്ധതി. സിസി വിജിൽ നിലവിൽ വന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കുറവുണ്ടായിട്ടുണ്ടെന്നും നിയമലംഘനങ്ങൾ പൊലീസിന് പുറമേ പൊതുജനങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന പേടി എല്ലാവർക്കുമുണ്ടെന്നും ട്രാഫിക് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ്, അനധികൃത പാർക്കിങ് എന്നിവയാണ് ലഭിച്ച പരാതികളിൽ കൂടുതൽ. അപകടകരമായ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പ്രതിസ്ഥാനത്ത് കൂടുതലും സ്വകാര്യ, സിറ്റി ബസുകളാണ്. അതിവേഗത്തിൽ മറികടക്കുന്നതിലും ട്രിപ്പുകൾ മുടക്കുന്നതിലുമെല്ലാം ബസുകൾ സി.സി.വിജിലിൽ കുടുങ്ങിയിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാത്തവർ, വൺവേ തെറ്റിക്കുന്നവർ, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, കാതടിപ്പിക്കുന്ന ശബ്ദമുള്ള സൈലൻസർ പിടിപ്പിക്കുന്നവർ, അപകടകരമായ രീതിയിൽ അതിവേഗത്തിൽ ഓടിക്കുന്നവർ തുടങ്ങി എല്ലാ നിയമലംഘകരും കുടുങ്ങുന്നുണ്ട്. ഓട്ടോറിക്ഷകൾ, കാറുകൾ, ലോറികൾ തുടങ്ങിയ വാഹനങ്ങൾ അശ്രദ്ധമായ ഡ്രൈവിങ്, അതിവേഗത്തിലുള്ള മറികടക്കൽ, അനധികൃതവും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതുമായ പാർക്കിങ് എന്നിവയ്ക്കാണ് കൂടുതലും സി.സി.വിജിലിൽ കുടുങ്ങിയത്. സിഗ്നൽ തെറ്റിച്ച് വാഹനമെടുത്തതിന് എല്ലാതരം വാഹനങ്ങളും സി.സി.വിജിലിന്റെ ക്ലിക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമലംഘനം മാത്രമല്ല ഗതാഗതസംവിധാനത്തിന്റെ പോരായ്മയും പരാതിയായി അറിയിക്കാൻ ഇതിൽ സൗകര്യമുണ്ട്.

റോഡുകളുടെ ശോച്യാവസ്ഥ, ഡിവൈഡറുകൾ ഇല്ലാത്ത സാഹചര്യം, പാർക്കിങ്ങിനുള്ള സ്ഥലപരിമിതി എന്നിവയും നിർദേശങ്ങളായി ജനം സി.സി.വിജിലിൽ രേഖപ്പെടുത്താറുണ്ട്. പരാതികളിന്മേലുള്ള പുരോഗതി ആരായാനുള്ള അവകാശവും പൊതുജനത്തിന് നൽകി പോലീസുമായുള്ള അകലം കുറയ്ക്കുന്നുവെന്നതും സി.സി.വിജിലിനെ വ്യത്യസ്തമാക്കുന്നു. പൊലീസുകാർ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ മുന്നോട്ടുവരുന്നത് ആശ്വാസകരം ആണെന്നാണ് ട്രാഫിക് പൊലീസിന്റെ അഭിപ്രായം. നിയമം ലംഘിക്കുന്നവരുടെ ചുറ്റിലും ആരെങ്കിലും ഒക്കെ കണ്ടെന്ന് തോന്നൽ ജനങ്ങളെ നിയമത്തിന്റെ വഴിയിൽ മാത്രം നടക്കാൻ പ്രേരിപ്പിക്കുമെന്നും ട്രാഫിക് പൊലീസ് കരുതുന്നു.

Content highlights: Kozhikode city traffic police filed 8986 complaints through CC Vigil app, rs 5,40300 fine

Post a Comment

0 Comments