ലഹരി കടത്തിന്റെ വടക്കൻ കേരളത്തിന്റെ ഹബ്ബായി മാറുമോ കോഴിക്കോട്


കോഴിക്കോട്:കഴിഞ്ഞ നാലു മാസത്തിനിടെ ലഹരി ഉപയോഗിച്ചതിനും വിൽപനയ്ക്കിടയിലും പിടിയിലായി ജില്ലയിൽ കൗൺസലിങ്ങിനു വിധേയമായത് 128 കുട്ടികൾ. പൊലീസും എക്സൈസും സംയുക്തമായാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കുട്ടികളെയെത്തിച്ച് കൗൺസലിങ് നടത്തിയത്. കൗതുകത്തിനു തുടങ്ങുന്ന ലഹരി ഉപയോഗത്തിനൊപ്പം പഠനകാര്യത്തിൽ വീട്ടുകാരുടെ സമ്മർദമേറുന്നതു കൂടിയാണ് ഈ വലയിൽ കുട്ടികൾ വീഴാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. 

ലഹരികടത്തിൽ പങ്കാളിയായതിന് 21 കുട്ടികളാണ് പിടിയിലായത്. ഇവരിൽ ഒൻപതു പേർ വിവിധ ചിൽഡ്രൻസ് ഹോമുകളിലുണ്ട്. വീട്ടിലെ സമ്മർദം കാരണം ലഹരിയിൽ അഭയം തേടിയ കുട്ടികളുടെ എണ്ണം 40. രക്ഷാകർത്താക്കളുടെ മദ്യപാനം കണ്ടു രുചിയറിയാൻ ലഹരിയിലേക്കു നീങ്ങിയവർ 32 പേർ. പഠനത്തിൽ പിന്നാക്കമായതിന്റെ പേരിൽ ലഹരിയിൽ അഭയം തേടിയ കുട്ടികളും കുറവല്ല. പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ് കൗൺസലിങ്ങിനു വിധേയരായവരിൽ ഭൂരിഭാഗവും. 

വീട്ടുകാരെക്കൂടി വിശ്വാസത്തിലെടുത്താണ് കുട്ടികളെ കൗൺസലങ്ങിന് എത്തിച്ചത്. പൊലീസിന്റെയും എക്സൈസിന്റെയും കൗൺസലിങ് നടപടിക്ക് പൂർണമായും രഹസ്യ സ്വഭാവമുണ്ട്. കോഴിക്കോട് നഗരത്തിൽ മാത്രം ലഹരിവിൽപന സംഘത്തിൽ ഉൾപ്പെട്ട 18 കുട്ടികളെ തിരികെയെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ലഹരിയിൽ പരീക്ഷണം നടത്തി, അതിൽ‍ അടിപ്പെട്ട് പിന്നെ ജീവിതത്തിലേക്കു മടങ്ങിവരാൻ സാധിക്കാത്ത സാഹചര്യത്തിലുള്ളവരുമുണ്ട്. പഠനത്തിൽ ഒന്നാമനായിരുന്ന കുട്ടി ലഹരി ഉപയോഗത്തിലൂടെ പിന്നാക്കം പോയി പിന്നീട് അവ ഒഴിവാക്കി വീണ്ടും മികവിലേക്കെത്താൻ മൽസരിക്കുന്നതിന്റെ നല്ല സൂചനകളും കോഴിക്കോട്ടുനിന്ന് ഉണ്ടെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തൽ. 


ലഹരി കടത്തിന്റെ കാര്യത്തിൽ വടക്കൻ കേരളത്തിന്റെ ഹബ്ബായി കോഴിക്കോട് മാറുന്നുവെന്നു പൊലീസിനും എക്സൈസിനും വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 88 കേസുകൾ റജിസ്റ്റർ ചെയ്തു. 62 പേരെയാണു പൊലീസും എക്സൈസും അറസ്റ്റ് ചെയ്തത്. സ്കൂൾ, കോളജ് വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതിനൊപ്പം വിൽപനക്കാരായി മാറുന്ന പ്രവണത കൂടുന്നതായും കണക്കുകൾ തെളിയിക്കുന്നു. അറസ്റ്റിലായ 62 പേരിൽ കോളജ് വിദ്യാർഥികളും ഉൾപ്പെടുന്നു. 

ന്യൂജെൻ ലഹരിമരുന്നു കടത്തിനെ നേരിടാൻ കേന്ദ്ര ഏജൻസികൾ കൂടി ഉൾപ്പെട്ട സംഘം വരും. ‌ലഹരികടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന ഏജൻസികൾക്കും ലഭിക്കുന്ന രഹസ്യവിവരങ്ങൾ പരസ്പരം കൈമാറുന്നതിനു ധാരണയായിട്ടുണ്ട്. സംശയിക്കപ്പെടുന്ന സ്ഥിരം ലഹരികടത്തുകാരുടെ വിവരങ്ങളും കൈമാറും.

എക്സൈസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, ആർപിഎഫ്, എയർപോർട്ട്, സിഐഎസ്എഫ്, കസ്റ്റംസ്, പൊലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പുതിയ സംഘത്തിൽ ഉണ്ടാകും. കോഴിക്കോട് വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമിച്ചവർ അടുത്തിടെ പിടിയിലായിരുന്നു.