കടലുണ്ടി കമ്യൂണിറ്റി റിസർവ് വികസനവഴിയിൽ

വനം വകുപ്പ് നേതൃത്വത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസർവ് 


കോഴിക്കോട്:ജൈവവൈവിധ്യം കൊണ്ടു സമ്പന്നമായ കടലുണ്ടി കമ്യൂണിറ്റി റിസർവിൽ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താൻ വനം വകുപ്പിനു പദ്ധതി. കടലുണ്ടിപ്പുഴയോരത്തെ റിസർവ് ഓഫിസിനു ചുറ്റും പൂട്ടുകട്ടകൾ പാകിയുള്ള നടപ്പാത, സഞ്ചാരികൾക്ക് ഇരിപ്പിടങ്ങൾ, മൂത്രപ്പുര എന്നിവ ഒരുക്കാനാണ് പദ്ധതി. മൂന്നു പദ്ധതി പ്രവൃത്തികൾക്കായി നാലു ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ ചെയ്ത പ്രവൃത്തി ഉടനാരംഭിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.


പുഴയോരത്തെ റിസർവ് ഓഫിസ് മുറ്റത്തേക്കു വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഇതു പരിഹരിക്കാൻ മുറ്റം മണ്ണിട്ടുയർത്താനാണ് പദ്ധതി. റിസർവ് ഓഫിസ് വളപ്പിൽ ഒരു മീറ്റർ വീതിയിലാണ് പൂട്ടുകട്ടകൾ പാകി നടപ്പാത സൗകര്യം ഒരുക്കുന്നത്. ഇവിടെ ആവശ്യമായ ഇരിപ്പിടങ്ങളും പണിയും. റിസർവിൽ ജീർണാവസ്ഥയിലുള്ള വിശ്രമകേന്ദ്രം താൽക്കാലികമായി പൊളിച്ചു മാറ്റിയാണ് വികസന പ്രവൃത്തി നടപ്പാക്കുന്നത്.


പക്ഷിസങ്കേതവും കണ്ടൽക്കാടുകളുമടങ്ങുന്ന കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതു പരിഗണിച്ചാണ് വനംവകുപ്പ് സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. പ്രതിരോധ കപ്പൽ രൂപകൽപന കേന്ദ്രമായ ചാലിയം നിർദേശിന്റെ സഹായത്തോടെ പുതിയ ബോട്ട് ജെട്ടി നിർമിച്ചു നൽകിയിട്ടുണ്ട്.


ഒപ്പം പഞ്ചായത്ത് നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിൽ ബോട്ട് സർവീസും തുടങ്ങി. സ്വകാര്യ സംരംഭങ്ങളായി ടൂറിസം ബോട്ട് സർവീസുകൾ, ഹോംസ്റ്റേ, നാടൻ ഭക്ഷണശാല എന്നിവും കടലുണ്ടിയിലുണ്ട്. ഇക്കോ ടൂറിസം പദ്ധതിയിൽ ഡിടിപിസിയും പഞ്ചായത്തും മറ്റുചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.  ഒട്ടേറെ സഞ്ചാരികളെത്തുന്ന കമ്യൂണിറ്റി റിസർവിൽ പ്രാഥമിക സൗകര്യമില്ലെന്നതു സഞ്ചാരികൾക്കു പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ചു പരാതി ഉയർന്നതോടെ വനംവകുപ്പ് ഫണ്ടിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. റിസർവിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ.