പാർക്കിങ്ങിനും ജിഎസ്ടി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് കൂട്ടി



കോഴിക്കോട്:ശരാശരി 20 ശതമാനം വർധനയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം മുതൽ ഇതു നടപ്പാക്കി. പുതിയ നിരക്കും ബ്രാക്കറ്റിൽ പഴയ നിരക്കും: ഇരുചക്രവാഹനങ്ങൾ – നാലു മണിക്കൂർ വരെ: 12 രൂപ (10 രൂപ), നാലു മുതൽ 12 മണിക്കൂർ വരെ: 18 (15), 12 മുതൽ 24 മണിക്കൂർ വരെ: 25 (20). നാലു ചക്ര വാഹനങ്ങൾ – നാലു മണിക്കൂർ വരെ : 25 രൂപ (20 രൂപ), നാലു മുതൽ 12 മണിക്കൂർ വരെ : 55 (40), 12 മുതൽ 24 മണിക്കൂർ വരെ: 95 രൂപ (80 രൂപ).

രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിന്റെ ഭാഗമായാണു പാർക്കിങ് നിരക്കിലെ വർധന. പാർക്കിങ് കരാറെടുത്തവരിൽനിന്നു ജിഎസ്ടി നിരക്കും റെയിൽവേ ഈടാക്കിയതിനെത്തുടർന്നാണു യാത്രക്കാരിൽനിന്ന് ഈ നിരക്കും ഈടാക്കാൻ കരാറുകാരനും തീരുമാനിച്ചത്. എന്നാൽ പുതുക്കിയ നിരക്ക് റെയിൽവേ നിശ്ചയിച്ച് ഉത്തരവായി ഇറക്കാൻ താമസിച്ചതാണു യാത്രക്കാരിൽനിന്ന് ഈടാക്കാനും വൈകിയത്.