കോർപറേഷൻ ബജറ്റ്: രാജ്യാന്തര സ്റ്റേഡിയം, മാനാഞ്ചിറ സ്ക്വയർ നവീകരണം, തുടങ്ങി നിരവധി പദ്ധതികൾ



കോഴിക്കോട്:നഗരത്തിലെ വാർഡുകളിലെ റോഡ് വികസനത്തിനും ശാസ്ത്രീയമായ റോഡ് നെറ്റ്‌വർക്കിങ് സംവിധാനത്തിനും പ്രത്യേക ഊന്നൽ‌ നൽകി കോർപറേഷന്റെ പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ഡപ്യൂട്ടി മേയർ മീരാദർശക് അവതരിപ്പിച്ചു. 72168.16 ലക്ഷം രൂപയുടെ വരവും 71005.16 ലക്ഷം രൂപയുടെ ചെലവും 1163 ലക്ഷം രൂപ നീക്കിയിരിപ്പും കാണിച്ചിട്ടുള്ള 2018–19 വർഷത്തെ മതിപ്പ് ബജറ്റാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം 2017–18 വർഷത്തെ പുതുക്കിയ ബജറ്റും അവതരിപ്പിക്കപ്പെട്ടു.

അവതരിപ്പിക്കപ്പെട്ട ബജറ്റിൻമേൽ 26, 27 തീയതികളിൽ വിശദമായ ചർച്ച നടക്കും. തുടർന്നാണ് ബജറ്റ് അംഗീകരിക്കുക. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം, ആധുനിക അറവുശാല, മാനാഞ്ചിറ സ്ക്വയർ നവീകരണം, വലിയങ്ങാടി പൈതൃക വാണിജ്യ തെരുവ് പദ്ധതി, പാർ‌ക്കിങ് പ്ലാസകൾ, വെസ്റ്റ്ഹിലിൽ‌ സ്ഥിരം എക്സിബിഷൻ ഗ്രൗണ്ട്, മുതലക്കുളം മൈതാനം നവീകരണം, രാജാജി റോഡിൽ‌ കാൽനടയാത്രക്കാർക്കായി എസ്കലേറ്റർ, നഗരത്തിൽ പുതിയ കമ്യൂണിറ്റി ഹാളുകൾ‌, ആധുനിക രീതിയിലുള്ള ബസ് ബേകൾ‌, കോർപറേഷന്റെ വരുമാനം വർധിപ്പിക്കാനായി ഷോപ്പിങ് കോംപ്ലക്സുകൾ‌ എന്നിവയും ബജറ്റിൽ‌ വാഗ്ദാനം ചെയ്യുന്നുണ്ട്. നഗരത്തിലെ എല്ലാ വാർഡുകളിലേയും പൊതുഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ റോഡ് സംരക്ഷണത്തിനും നിർമാണത്തിനുമായി കൂട്ടിച്ചേർത്ത വാർ‌ഡുകൾക്കും 47 ലക്ഷം രൂപയും മറ്റു വാർഡുകൾക്ക് 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സർക്കാർ ഗ്രാന്റുകൾ ഉപയോഗിച്ചു നടത്തുന്ന വാർഡു വികസന പ്രവർത്തനങ്ങൾ‌ക്കു പുറമേ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി തനതുഫണ്ടിൽ നിന്നു ഒരു ലക്ഷം രൂപ വീതം എല്ലാ വാർഡുകൾക്കും അനുവദിക്കും. നഗരപാത വികസനത്തിന്റെ രണ്ടാം ഘട്ടം ദേശീയപാത ആറ് വരിയാക്കൽ എന്നിവ പൂർത്തീകരിക്കുന്നതോടെ വലിയമാറ്റമാണ് നഗരത്തിലെ റോഡ് സംവിധാനത്തിൽ വരാൻ പോകുന്നത്. ഈ സാഹചര്യംകൂടി കണക്കിലെടുത്ത് നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമുണ്ടാക്കുന്ന തരത്തിൽ ശാസ്ത്രീയമായ റോഡ് നെറ്റ്‌വർക്കിങ് സംവിധാനമാണ് ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.

ഇതിനായി ജില്ലാ ഭരണകൂടം, നാറ്റ്പാക്, പൊലീസ്, പൊതുമരാമത്ത്, ദേശീയപാത, ആർടിഒ, ഹാർബർ തുടങ്ങിയ വകുപ്പുകളുടെ ഏകോപനമുണ്ടാക്കുമെന്നാണ് വാഗ്ദാനം. നഗരത്തിലെ പ്രധാന റോ‍ഡുകൾ, മിഠായിത്തെരുവ് എന്നിവ ശുചിയായി പരിപാലിക്കുന്നതിനു 25 ലക്ഷം രൂപ ചെലവഴിച്ച് റോഡ് സ്വീപ്പിങ് മെഷീൻ വാങ്ങും. കായിക പ്രേമികളുടെ നഗരമായ കോഴിക്കോടിനു പുതുതായൊരു രാജ്യാന്തര സ്റ്റേഡിയമാണ് കോർപറേഷൻ ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.

നഗരത്തിൽ കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയം, മെഡിക്കൽ കോളജിൽ ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയം എന്നിവയുണ്ടെങ്കിലും രാജ്യാന്തര നിലവാരമുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുതകുന്ന രാജ്യാന്തര സ്റ്റേഡിയമില്ലെന്ന പോരായ്മയ്ക്കു പരിഹാരം എന്ന നിലയിലാണ് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ‘സിയാൽ’ മാതൃകയിൽ കമ്പനി രൂപവൽക്കരിച്ച് നഗരത്തിൽ ഒരു രാജ്യാന്തര സ്റ്റേഡിയം നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണെന്നും ഡപ്യൂട്ടി മേയർ ബജറ്റിൽ വ്യക്തമാക്കി.

കോതിയിൽ ആധുനിക അറവുശാലയ്ക്കായി കോർപറേഷൻ‌ ഏറ്റെടുത്ത സ്ഥലത്ത് ഈ വർ‌ഷം ആധുനിക അറവുശാലയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ഇതിനായി ബജറ്റിൽ രണ്ടു കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കോതിയിലെ അറവുശാലയെ എതിർക്കുന്ന നൈനാം വളപ്പുകാരെ തൃപ്തിപ്പെടുത്താനായി അവരുടെ കായിക സ്വപ്നങ്ങൾക്കു കരുത്തുപകരുന്ന വിധത്തിൽ ഒരു ഫുട്ബോൾ മൈതാനം കോതിയിൽ സ്ഥലം ഏറ്റെടുത്തുകൊണ്ട് നിർമാക്കാമെന്ന ഉറപ്പും ബജറ്റ് നൽകുന്നുണ്ട്. മാനാഞ്ചിറ സ്ക്വയറിലെ നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് സ്ക്വയർ മോടിപിടിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. മാനാഞ്ചിറ സ്ക്വയറിനെ ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ച് നവീകരിക്കും. ഇതിനായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

അൻസാരി പാർക്ക് നവീകരിക്കുന്നതിനു സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടി രൂപയും കോർപറേഷൻ 30 ലക്ഷം രൂപയും വകയിരുത്തി പ്രവൃത്തി യുഎൽസിസിഎയെ ഏൽപ്പിച്ചിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് മാനാഞ്ചിറ സ്ക്വയറിൽ മുതിർന്ന പൗരന്മാർക്കായി ഓപ്പൺ‌ ജിം സ്ഥാപിക്കും. മൈതാനം പ്രഭാത സവാരിക്കായി തുറന്നുകൊടുക്കും. മുതലക്കുളം മൈതാനം ചരിത്രസ്മാരകമായി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി അതിനെ പരിസ്ഥിതി സൗഹൃദമാക്കി നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

വലിയങ്ങാടിയുടെ പൈതൃകം കാത്തുസൂക്ഷിച്ചായിരിക്കും നവീകരിക്കുക. എല്ലാ കാലാവസ്ഥയിലും തൊഴിലാളികൾക്കു പണിയെടുക്കാനും വ്യാപാരികൾക്കു സുരക്ഷിതമായി കച്ചവടം ചെയ്യാനും കഴിയുന്ന തരത്തിൽ കോഴിക്കോടിന്റെ പാരമ്പര്യവും പൈതൃകവും സംരക്ഷിച്ച് ആകർഷകമായ മേലാപ്പ് നിർമിച്ച് അലങ്കാരവിളക്കുകളും സ്ഥാപിക്കും. വലിയങ്ങാടിയിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 20 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.