ഐസി'ല്‍ കുരുങ്ങി ആരോഗ്യം അപകടത്തിലാണ്

ഐസ് ഉരതി വില്‍പന നടത്തുന്ന ഉന്തുവണ്ടി കടകളിലൊന്ന്

കോഴിക്കോട്: ജില്ലയിലെ കടപ്പുറങ്ങളിലെയും ഗ്രാമ-നഗരപ്രദേശങ്ങളിലെയും മറ്റുമായ് ഉന്തുവണ്ടികളില്‍ നിന്ന് ഐസ്ഉരതികള്‍ വാങ്ങിക്കഴിക്കുന്നതും റോഡരികുകളില്‍ വാഹനം നിര്‍ത്തി കരിമ്പ് ജ്യൂസ്, മുസമ്പി ജ്യൂസ്, സര്‍ബത്ത്, തണ്ണിമത്തന്‍വെള്ളം എന്നിവയെല്ലാം സ്വാദോടെ നുകരുന്നതും നമ്മുടെ ശീലത്തിന്റെ ഭാഗമാണിന്ന്. കടക്കാരന്‍ സ്​പൂണോ, ചിലപ്പോള്‍ ചുറ്റികയോവരെ ഉപയോഗിച്ച് കൈവെള്ളയില്‍ വെച്ച് പൊട്ടിച്ചിടുന്ന ഐസ് പരലുകളുടെ തണുപ്പ് കൂടിയുണ്ടെങ്കിലേ പലര്‍ക്കും പാനീയം ആസ്വാദ്യകരമാവൂ. എന്നാല്‍, ഇത് ഒരു പതിവാക്കിയവരോട് ഒരു മുന്നറിയിപ്പ് നിങ്ങള്‍ ഒരുപക്ഷേ ക്ഷണിച്ച് വരുത്തുന്നത് ജലജന്യരോഗങ്ങളുടെ വലിയ ഒരു നിരയെതന്നെയാണ്. പാനീയത്തില്‍ കലര്‍ത്തി ആസ്വാദ്യതയോടെ നുകരുന്ന ഗുണനിലവാരമില്ലാത്ത ഐസിനൊപ്പം വയറിളക്കവും ടൈഫോയ്ഡും മഞ്ഞപ്പിത്തവുമെല്ലാം ചിലപ്പോള്‍ 'സൗജന്യ'മായി ഏറ്റുവാങ്ങേണ്ടിവരും. ജില്ലയില്‍ ജലജന്യരോഗങ്ങളുടെ വ്യാപനം പതിവില്ലാത്തവിധം വര്‍ധിക്കുന്നെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ അതില്‍ 'ഐസും' ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ക്യൂബ് ഐസ് വേണ്ട; 'ബ്ലോക്ക്' പോരട്ടെ ഉന്തുവണ്ടികടകളിലും പെട്ടിക്കടകളിലും എന്ന് വേണ്ട നഗര, ഗ്രാമഭേദമെന്യെ ഫ്രീസര്‍ സൗകര്യമില്ലാത്ത ജ്യൂസ് കടകളിലുമെല്ലാം തണുപ്പേറാന്‍ പാനീയത്തില്‍ കലര്‍ത്തുന്നത് മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബ്ലോക്ക് ഐസുകളാണ്. അമ്പത് കിലോയിലധികം വരുന്ന ഒരു ബ്ലോക്കിന് 100 മുതല്‍ 110 രൂപ വരെയാണ് ഐസ് പ്ലാന്റുകാര്‍ ഈടാക്കുന്നത്. 'മീന്‍ഐസ്' എന്ന് വിളിപ്പേരുള്ള ഇവയാണ് മിക്ക പ്ലാന്റുകളിലും നിര്‍മിക്കുന്നത്. ഭക്ഷ്യവിഭവങ്ങളില്‍ ഉപയോഗിക്കാവുന്ന 'ക്യൂബ്' ഐസ് ഉത്പാദിപ്പിക്കുന്നത് വിരലിലെണ്ണാവുന്ന ഐസ് ഫാക്ടറികള്‍ മാത്രം. കടകളില്‍ ക്യൂബ് ഐസ് ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചതിന്റെ പേരില്‍ ഐസ്​പ്‌ളാന്റ് നടത്തിപ്പുകാര്‍ സംഘടിതമായി ഹെല്‍ത്ത് ഓഫീസര്‍ക്കെതിരേ കോഴിക്കോട് നഗരസഭയില്‍ പരാതി നല്‍കിയിട്ട് നാളുകളേറെയായിട്ടില്ല. മൂന്നു കിലോയുള്ള ക്യൂബ് ഐസിന് നാല്പത് രൂപ വിലവരുമെന്നിരിക്കെ, അവ വാങ്ങാന്‍ വ്യാപാരികളും മടിക്കുന്നെന്ന് ഐസ് പ്ലാന്റ് ഉടമകള്‍ പറയുന്നു. പ്രതിദിന 'വെള്ളമൂറ്റല്‍' എട്ടുദശലക്ഷം ലിറ്റര്‍ വലിയതോതില്‍ ജലം ആവശ്യമുള്ളതിനാല്‍ പലപ്പോഴും ഐസ് പ്ലാന്റുകളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെയാണ് 'വെള്ളമൂറ്റല്‍'. ചെറുകിട ഐസ് പ്ലാന്റുകള്‍ പോലും കുറഞ്ഞത് മുന്നൂറ് ഐസ് ബ്ലോക്കുകളെങ്കിലും ഉത്പാദിപ്പിക്കുന്നെന്നിരിക്കെ പ്രതിദിനം പതിനയ്യായിരത്തിലധികം ലിറ്റര്‍ വെള്ളമാണ് ഓരോ യൂണിറ്റും ഉപയോഗിക്കുന്നത്. അതുവഴി 80 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് ജില്ലയിലെ പ്ലാന്റുകളുടെ പ്രതിദിന ഉപഭോഗം. വലിയ കിണറുകള്‍, കുഴല്‍ക്കിണറുകള്‍, കുടിവെള്ള ടാങ്കറുകള്‍ എന്നിവയെയാണ് പ്ലാന്റ് അധികൃതര്‍ ആശ്രയിക്കുന്നത്. സ്വകാര്യകണക്ഷന്‍ എന്ന വ്യാജേന ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ജെയ്ക്ക പദ്ധതി പ്രകാരമുള്ള വെള്ളം വരെയെത്തിക്കാനും നീക്കം നടക്കാറുണ്ട്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ അറിവോടെ ഇങ്ങനെ ഐസ് കമ്പനികള്‍ക്ക് ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ കുടിവെള്ളം നല്‍കാനുള്ള നീക്കത്തിനെതിരെ ബേപ്പൂരില്‍ രണ്ടുമാസം മുന്‍പ് ജനങ്ങള്‍ സംഘടിച്ചിരുന്നു. പേരിന് മാത്രം പരിശോധന ജില്ലയിലെ അഞ്ഞൂറോളം വരുന്ന ഐസ് പ്ലാന്റുകളില്‍ മിക്കതിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഐസ് നിര്‍മാണം. എങ്കിലും ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളുമെല്ലാം ഇവിടങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കുന്നത് വിരളമാണ്. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ലൈസന്‍സ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ആറു മാസം കൂടുമ്പോള്‍ ജലഗുണനിലവാരം തെളിയിക്കുന്ന എന്‍.എ.ബി.എല്‍. അംഗീകാരമുള്ള ലാബിന്റെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം വേണമെന്നാണ് ചട്ടം. ഇവയെല്ലാം സഹിതം പ്രവര്‍ത്തിക്കുന്ന ഐസ് പ്ലാന്റുകള്‍ നിലവിലുണ്ടെങ്കിലും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പ്രവര്‍ത്തിക്കുന്നവയാണ് ഭൂരിഭാഗവും. ഐസ്‌ക്രീം, ഐസ് സ്റ്റിക്ക് തുടങ്ങിയവ നിര്‍മക്കുന്ന ഐസ് കാന്‍ഡികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. അധികൃതരുടെ 'തണുപ്പന്‍' പരിശോധന ഇതിനെല്ലാം വളവുമാവുന്നു. ഐസ് പ്ലാന്റുകളുടെ കൃത്യമായ എണ്ണത്തിന്റെ കാര്യത്തിലും അധികൃതര്‍ക്ക് വ്യക്തതയില്ല. ഭക്ഷ്യസുരക്ഷാവിഭാഗവും നഗരസഭയും ചേര്‍ന്ന് കോഴിക്കോട് നഗരപരിധിയിലെ 38 പ്ലാന്റുകളില്‍ പരിശോധന നടത്തി ബ്ലോക്ക് ഐസിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. - പി.കെ. ഏലിയാമ്മ (ഭക്ഷ്യസുരക്ഷാവിഭാഗം കോഴിക്കോട് അസി. കമ്മിഷണര്‍).

നഗരസഭാപരിധിയില് മാത്രം നൂറോളം ഐസ് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. മിക്കയിടങ്ങളിലും ഭക്ഷ്യയോഗ്യമല്ലാത്ത ബ്ലോക്ക് ഐസുകളാണ് നിര്‍മിക്കുന്നത്. ക്യൂബ് ഐസിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം അതുപയോഗിക്കാന്‍ കടയുടമകളും മടിക്കുന്നു. - ഡോ. ആര്‍.എസ്. ഗോപകുമാര്‍ (നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍).