കോഴിക്കോടിനെ കണ്ടറിഞ്ഞ് നിക് ഉട്ടും അദ്ദേഹത്തിന്റെ ക്യാമറയും

നിക് ഉട്ടിൻ കോഴിക്കോടൻ പൗരാവലി നൽകിയ സ്വീകരണത്തിൽ നിന്ന്


കോഴിക്കോട്:സുലൈമാനിയുടെ നിറം പോലെ ഇരുണ്ടു കിടന്ന കുറ്റിച്ചിറയിലേക്കു താപസനെപ്പോലെ നിക്ക് ഉട്ട് വന്നിറങ്ങി. ഋഷിയുടെ കഴുത്തിലെ രുദ്രാക്ഷമാല പോലെ നെഞ്ചോട് ഒട്ടി പ്രിയപ്പെട്ട ക്യാമറ തൂങ്ങിയിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ കെടുതികൾ കണ്ട പഴയ കുഞ്ഞു ക്യാമറയായിരുന്നു അത്. കയ്യിൽ ക്ലിക്ക് ചെയ്യാൻ പാകത്തിൽ മറ്റൊരു ക്യാമറ പിടിച്ചായിരുന്നു ഇറക്കം. മിശ്കാൽ പള്ളിയിൽ സുബ്ഹി നമസ്കാരം നടക്കുന്നു. ഇരുൾ പൊതിഞ്ഞു കിടന്ന പള്ളി മുറ്റത്തേക്ക് ധ്യാനലീനനായി ലോക പ്രശസ്ത ഫൊട്ടോഗ്രഫർ നിക്ക് ഉട്ട് നടന്നു കയറി. കോഴിക്കോടിന്റെ പുരാവൃത്തത്തിലെ മിനാരങ്ങളാണു കുറ്റിച്ചിറയും മിശ്കാൽ പള്ളിയുമെന്നു പള്ളി ജോയിന്റ് സെക്രട്ടറി പി.വി. ഹസൻ‍കോയ നിക്ക് ഉട്ടിനെ ധരിപ്പിച്ചു.

ഹൽവാ ബസാറിലേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്തെ താഷ്കന്റ് ഹോട്ടലിൽ നിന്നു കലക്ടർ യു.വി. ജോസുമൊത്തു സുലൈമാനിയും പൊരിച്ച പത്തിരിയും കഴിച്ചു. മലയാള മനോരമ പത്രം കണ്ടതോടെ വാങ്ങി. മെട്രോ മനോരമയിൽ തന്നെക്കുറിച്ചു വന്ന വാർത്തയും ചിത്രവും നോക്കി. കലക്ടർ യു.വി. ജോസ് വാർത്തയുടെ ഉള്ളടക്കം വിശദീകരിച്ചു കൊടുത്തു. പിന്നീട് കുറ്റിച്ചിറയിലെ ചിറയുടെ തിട്ടയിൽ അൽപനേരം ഇരുന്നു. മലബാറിലെ പഴയ വാസ്തുവിദ്യാരീതികൾ നിക്കിനെ കാണിക്കുന്നതിനായി തങ്ങൾസ് റോഡിലെ പടിഞ്ഞാറെ പള്ളിവീട്ടിലേക്കു കൊണ്ടു പോയി. പിന്നീട് ബീച്ചിൽ പ്രഭാത നടത്തക്കാരുടെ തിരക്കും കടന്ന് കടൽപാലം നോക്കി നിക്ക് നിന്നു. യാത്ര ദേവമാത കത്തീഡ്രലിൽ എത്തി. അവിടെ സഹവികാരിയും വിശ്വാസികളും ചേർന്നു നിക്കിനെ സ്വീകരിച്ചു.

നിക്കിന്റെ സഹയാത്രികൻ ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോ തന്റെ ക്ലാസ്മേറ്റിനെ പള്ളിമുറ്റത്തു കണ്ടതും കൗതുകമായി. സിമന്റ് കമ്പനി മാനേജരായ ബിനി സ്റ്റീഫനെയാണ് കണ്ടത്. ഉഴവൂർ സ്വദേശിയായ ബിനിയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമെല്ലാം കേരളത്തിനു പുറത്തായിരുന്നു. ജാംഷെഡ്പൂരിലായിരുന്നു ഇവർ ഒരുമിച്ചു പഠിച്ചത്. തളി ക്ഷേത്രമുറ്റത്തു തൊഴുകൈകളോടെയാണ് നിക്ക് എത്തിയത്. ഗുരുസ്വാമി വാസുദേവ പിഷാരടി നിക്കിനെ സ്വീകരിച്ചു. വിയറ്റ്നാം യുദ്ധത്തിന്റെ കെടുതികളുടെ കഥ പറയുന്ന നിക്കിന്റെ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലേക്കായിരുന്നു യാത്ര. നിക്കിന്റെ വരവറിഞ്ഞു സംവിധായകൻ ജയരാജ് കാത്തു നിൽപുണ്ടായിരുന്നു.

ബീച്ചിലെ കോഴിക്കോടൻ‍സ് ചിപ്സ് നിർമാണ യൂണിറ്റിലേക്കായി അടുത്ത യാത്ര. ഇവിടെ നിന്ന് ഇളനീരും കുടിച്ചാണ് ബേപ്പൂരിലേക്കു യാത്രയായത്. ബേപ്പൂരിൽ ഉരു നിർമാണം നടക്കുന്നതു കണ്ട് മൂക്കത്തു വിരൽ വച്ചു നിക്ക് നിന്നു. ഖത്തർ രാജകുടുംബത്തിനു വേണ്ടി നിർമിക്കുന്ന ഉരുവിലെ സൗകര്യങ്ങൾ ചോദിച്ചറിഞ്ഞ നിക്ക് തൊഴിലാളികളോടൊപ്പം നിന്നു ഫോട്ടോയെടുക്കാനും മറന്നില്ല. ക്രസ്റ്റിൽ ഇന്റേൺഷിപ് ചെയ്യുന്ന വീ എന്ന വിയറ്റ്നാംകാരി നിക്കിനെ കാണാൻ‍ ഇവിടെ എത്തി. ഉരുക്കാഴ്ചകൾ കണ്ടിറങ്ങുമ്പോൾ നേരം ഉച്ചയായിരുന്നു. തിരികെ കോഴിക്കോട്ടേക്ക്. പാരഗൺ ഹോട്ടലിൽ നിന്ന് മലബാറിന്റെ രുചി നിറച്ച ഭക്ഷണം കഴിച്ചു വിശ്രമത്തിനായി കടവ് റിസോർട്ടിലേക്കു പോയി. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളാണു കോഴിക്കോട്ടുള്ളതെന്നു പറഞ്ഞു ചിരിച്ചായിരുന്നു കടവ് റിസോർട്ടിലേക്കുള്ള മടക്കം.