നന്മണ്ട കേന്ദ്രമായി പുതിയ ആർ.ടി ഓഫിസ്: മടവൂർ ഉൾപ്പെട്ടതിൽ പ്രതിഷേധം


KL 76 Nanminda

കോഴിക്കോട്: കൊടുവള്ളി, കോഴിക്കോട് ജോയൻറ് ആർ.ടി ഓഫിസുകൾ വിഭജിച്ച് നന്മണ്ട ആസ്ഥാനമായി വരുന്ന ആർ.ടി ഓഫിസ് പരിധിയിൽ മടവൂർ പ്രദേശത്തെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. കക്കോടി, കാക്കൂർ, നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ, മടവൂർ, ചേളന്നൂർ, നരിക്കുനി, പനങ്ങാട്, കാന്തലാട്, കിനാലൂർ, ശിവപുരം, ഉണ്ണികുളം, അത്തോളി, ബാലുശ്ശേരി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ജോയൻറ് ആർ.ടി ഓഫിസ് രൂപവത്കരിച്ചത്.



കൊടുവള്ളി ജോ.ആർ.ടി ഓഫിസി​ന്റെ തൊട്ടടുത്തുള്ള മടവൂർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകൾ കൊടുവള്ളി സബ് റീജനൽ ആർ.ടി ഓഫിസ് പരിധിയിൽനിന്നു മാറ്റി നന്മണ്ടയിൽ വരുന്ന പുതിയ ഓഫിസിന് കീഴിലേക്ക് മാറ്റുന്നതിനെതിരെ വാഹന ഉടമകൾ നേരത്തേതന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ, കിഴക്കോത്ത് പഞ്ചായത്തിനെ കൊടുവള്ളിയിൽതന്നെ നിലനിർത്തി മടവൂർ പഞ്ചായത്തിനെ നന്മണ്ടയിലേക്ക് ഉൾപ്പെടുത്തിയതായാണ് രേഖകളിൽനിന്നു വ്യക്തമാകുന്നത്. മടവൂർ പ്രദേശത്തുകാർക്ക് കേവലം നാലോ അഞ്ചോ കിലോമീറ്റർ മാത്രം സഞ്ചരിച്ച് കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫിസിലെത്താമെന്നിരിക്കെ പുതിയ തീരുമാനപ്രകാരം ഏറെ ദൂരം യാത്രചെയ്ത് വേണം പുതിയ ഓഫിസിലെത്താൻ.

Post a Comment

0 Comments