ലൈഫ് മിഷനു പദ്ധതിക്കു കീഴിൽ ജില്ലയിൽ 1619 വീടുകൾ പൂർത്തിയായി


കോഴിക്കോട്:ലൈഫ് മിഷൻ ഭവന പദ്ധതിക്ക് കീഴിൽ 31ന് അകം ജില്ലയിൽ ലക്ഷ്യമിട്ട 7730 വീടുകളിൽ 1619 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായതായി കലക്‌ടർ യു.വി. ജോസ് അറിയിച്ചു. 2294 വീടുകളുടെ ലിന്റൽ വർക്കും 1801 എണ്ണത്തിന്റെ മേൽക്കൂര നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇവയുൾപ്പെടെ 4095 വീടുകൾ ഉടൻ പൂർത്തിയാക്കാനാവും. ഇതുകൂടാതെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ബാക്കി വീടുകൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർവഹണ ഉദ്യോഗസ്‌ഥർ ജാഗ്രത പുലർത്തണമെന്ന് കലക്‌ടർ നിർദേശിച്ചു.

ലൈഫ് പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കലക്‌ടറുടെ ചേംബറിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർമാരുടെയും യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി വിവിധ സർക്കാർ പദ്ധതികളിൽ സഹായം ലഭിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർവഹിക്കുന്നത്.

തദ്ദേശ സ്‌ഥാപനങ്ങൾ, പട്ടികജാതി– വർഗ വകുപ്പുകൾ, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടങ്ങിയവ മുഖേന വീടുകൾ ലഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന 7730 വീടുകളാണ് ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഭവനരഹിതരായ എല്ലാവർക്കും പാർപ്പിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലൈഫ്. യോഗത്തിൽ ലൈഫ് ജില്ലാ കൺവീനർ പി. രവീന്ദ്രൻ, ജില്ലാ കോ–ഓർഡിനേറ്റർ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.


Back To Blog Home Page