കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അനിശ്ചിതത്തിൽ: ഡി.എം.ആർ.സി പിന്മാറി







കോഴിക്കോട്: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ ലൈറ്റ് മെട്രോ പദ്ധതി അനിശ്ചിതത്തിൽ. പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി.) പിന്മാറി. ഇതുസംബന്ധിച്ച കത്ത്
സര്‍ക്കാരിന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഫെബ്രുവരി 28-ന് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.സര്‍ക്കാരിന് പദ്ധതിയിലുള്ള താൽപര്യക്കുറവില്‍ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.പദ്ധതിക്കു വേണ്ടി തുറന്നിരുന്ന ഡി.എം.ആര്‍.സി. ഓഫീസ് മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തിക്കുന്നില്ല. പതിനഞ്ചോടെ ഓഫീസ് പൂര്‍ണമായും അടയ്ക്കും. മാര്‍ച്ച് എട്ടിന് പദ്ധതിയില്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ച് ഇ. ശ്രീധരന്‍ കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയേക്കും. ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടിയുള്ള മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഡി.എം.ആര്‍.സി.യുടെ പിന്മാറ്റത്തിന് കാരണമായ ഏറ്റവുമൊടുവിലത്തെ സംഭവം. നിര്‍മാണത്തിന്റെ ചുമതല ഡി.എം.ആര്‍.സി.ക്കു നല്‍കി 2016 സെപ്റ്റംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക ജോലികളുമായി ഡി.എം.ആര്‍.സി. മുന്നോട്ടുപോയി. മേല്‍പ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.ആര്‍.സി.എല്‍.) കൈമാറി. എന്നാല്‍, 2017 ഡിസംബറില്‍ ചേര്‍ന്ന കെ.ആര്‍.സി.എല്‍. ബോര്‍ഡ് യോഗത്തില്‍ മേല്‍പ്പാല നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.യെ ഒഴിവാക്കി ദര്‍ഘാസ് വിളിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആര്‍.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഫെബ്രുവരി 15-നകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഫെബ്രുവരി 28-ന് വീണ്ടും കത്ത് നല്‍കിയത്. ഇ. ശ്രീധരന്‍ പിന്മാറിയതോടെ കേരളത്തിന്റെ മെട്രോ പദ്ധതികളില്‍ ഭാവിയിലും പൊതുമേഖലാ സ്ഥാപനമായ ഡി.എം.ആര്‍.സി. പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ഫലത്തില്‍ ഇനി കേരളത്തില്‍ മെട്രോ പദ്ധതി നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടി വരും. പൂര്‍ണമായും പി.പി.പി. ആയി മെട്രോ പദ്ധതികള്‍ ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ഏജന്‍സികള്‍ മെട്രോപദ്ധതികള്‍ നടപ്പാക്കിയാല്‍ ഉയര്‍ന്ന നിര്‍മാണച്ചെലവും ഉയര്‍ന്ന യാത്രാനിരക്കുമാകും വരിക. ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതല്‍ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഡി.എം.ആര്‍സി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദര്‍ഘാസ് വിളിക്കണമെന്നാണ് ഒരു വിഭാകം ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥ എതിര്‍പ്പുകള്‍ മറികടന്ന് മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആര്‍.സി.യെത്തന്നെ താത്കാലിക കണ്‍സള്‍ട്ടന്റായി നിയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു.