മൊബിലിറ്റി ഹബ്: യോഗം വിളിക്കണമെന്ന് എംഎൽഎ, ആവശ്യമുന്നയിച്ച് ഗതാഗതമന്ത്രിക്ക് കത്തുനൽകി



കോഴിക്കോട്:ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ നി‍ർദേശിച്ച കോഴിക്കോടിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മൊബിലിറ്റി ഹബുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് യോഗം വിളിക്കണമെന്നഭ്യർഥിച്ച് എ. പ്രദീപ്കുമാർ എംഎൽഎ ഗതാഗതമന്ത്രിക്കു കത്തുനൽകി. മൊബിലിറ്റി ഹബുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ തയാറാക്കുമെന്നാണ് ഇക്കുറി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ഹബിനായുള്ള സ്ഥലം കണ്ടെത്തൽ, സർവേ നടത്തൽ, റിപ്പോർട്ട് തയാറാക്കൽ എന്നിവയാണ് ആദ്യഘട്ടമായി നടപ്പാക്കേണ്ടത്.

ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നാണ് എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രനു നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.  പദ്ധതിക്കു മുന്നോടിയായി സർക്കാർ പ്രത്യേക ദൗത്യ സംവിധാനം ഉണ്ടാക്കണമെന്ന് നേരത്തേ റീജനൽ ടൗൺ പ്ലാനിങ് ഓഫിസും ശുപാർശ ചെയ്തിരുന്നു. നഗരത്തിലെ തിരക്കൊഴിവാക്കാനുള്ള പ്രധാനനടപടികളിലൊന്നാണ് മൊബിലിറ്റി ഹബ് സംവിധാനം. ദീർഘദൂര ബസുകൾ നഗരത്തിനുള്ളിലേക്കു പ്രവേശിക്കാതെ നഗരാതിർത്തിയിൽ സ്ഥാപിക്കുന്ന ഹബിലേക്കെത്തുകയും അവിടെനിന്നുതന്നെ പുറപ്പെടുകയും ചെയ്യും.

നഗരത്തിലെ ബസുകളുടെ എണ്ണം കുറയുന്നതോടെ തിരക്കു കുറയുമെന്നാണു കണക്കുകൂട്ടുന്നത്. നിലവിൽ എല്ലാ ബസുകളും നഗരത്തിനുള്ളിലേക്കു കടന്ന് കെഎസ്ആർടിസി, മൊഫ്യൂസിൽ, പാളയം സ്റ്റാൻഡുകളിൽ ഒന്നിലേക്കെത്തുന്നുണ്ട്. നാറ്റ്പാക് സമർപ്പിച്ച കോംപ്രിഹെൻസിവ് മൊബിലിറ്റി പ്ലാനിലും (സിഎംപി) നഗരത്തിന്റെ മാസ്റ്റർ പ്ലാനിലും തൊണ്ടയാടിനും മലാപ്പറമ്പിനുമിടയിൽ പാച്ചാക്കിൽ ജംക്‌ഷനു സമീപമാണ് ഹബ് നിർദേശിച്ചിരിക്കുന്നത്.

15 ഏക്കർ സ്ഥലത്തായിരിക്കും ഹബ് സ്ഥാപിക്കുന്നത്. ദീർഘദൂര ബസുകൾ നഗരത്തിലെ സ്റ്റാൻഡുകളിലേക്കെത്താതെ സർവീസ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും മൊബിലിറ്റി ഹബിൽനിന്നായിരിക്കും. ഇപ്പോൾ നിലവിലുള്ള പാളയം, മൊഫ്യൂസിൽ സ്റ്റാൻഡുകൾ ഇല്ലാതാകും. ഇവിടങ്ങളിൽ ബഹുനില പാർക്കിങ് പ്ലാസകൾ നിർമിക്കാമെന്നുമാണ് നിർദേശം.