പേരാമ്പ്ര ബൈപ്പാസ് നിര്‍മാണം;സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേ ആരംഭിച്ചു




കോഴിക്കോട്:ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പേരാമ്പ്രയില്‍ ബൈപ്പാസ് നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പിന് നടപടി തുടങ്ങി.റവന്യൂ, പി.ഡബ്ല്യു.ഡി., റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ വിഭാഗങ്ങളുടെ സംയുക്ത സര്‍വേയാണ് കൊയിലാണ്ടി
ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്‍. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തേ 15 മീറ്റര്‍ വീതിയില്‍ സ്ഥലം അളന്ന് അതിര്‍ത്തിയില്‍ കല്ലുകള്‍ സ്ഥാപിക്കുകയും കഴിഞ്ഞവര്‍ഷം ആദ്യം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ 12 മീറ്ററായി വീതി കുറച്ചാണ് സ്ഥലമെടുക്കുന്നത്. സംയുക്ത സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് 20-ന് സമര്‍പ്പിക്കും. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വില നിശ്ചയിച്ച് സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങും. മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സംയുക്ത സര്‍വേ നടത്തി റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാന പാതയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപത്തുനിന്ന് തുടങ്ങി കല്ലോട് എല്‍.ഐ.സി.ക്ക് സമീപം എത്തുന്ന വിധത്തില്‍ 2.768 കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് വരുന്നത്. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്ക്ക് കുറുകേ കടന്നുപോകും. നൂറിലധികം പേരുടെ സ്ഥലം ബൈപ്പാസിനായി ഏറ്റെടുക്കണം. മൂന്ന് വീടുകള്‍ സ്ഥലത്തില്‍ ഉള്‍പ്പെടും. സ്ഥലമെടുപ്പിനായി 40.86 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 68 കോടി രൂപയുടെ ബൈപ്പാസ് പദ്ധതിക്കാണ് കിഫ്ബിയില്‍ അംഗീകാരം ലഭിച്ചത്. പത്ത് വര്‍ഷമായി ബൈപ്പാസിനായി പേരാമ്പ്രക്കാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട്. നേരത്തേ രണ്ട് ബജറ്റുകളിലായി 30 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും സ്ഥലമെടുക്കലടക്കമുള്ള കാര്യങ്ങള്‍ തുടങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ തീരുമാനിച്ചത്. സര്‍വേക്ക്‌ െഡപ്യൂട്ടി തഹസില്‍ദാര്‍ കെ. മുരളീധരന്‍, വില്ലേജ് ഓഫീസര്‍ കെ. സജീവന്‍, താലൂക്ക് സര്‍വേയര്‍മാരായ പി. വിനോദ് കുമാര്‍, ടി.പി. ഷാജിത, റവന്യൂ ഇന്‍സ്‌പെക്ടര്‍ നാരായണന്‍, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.പി. വിജയകൃഷ്ണന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ മിഥുന്‍ ജോസഫ്, കണ്‍സള്‍ട്ടന്റായ കിറ്റ്‌കോയിലെ സാന്‍ജോ കെ. ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 2008-ലാണ് ബൈപ്പാസ് നിര്‍മാണത്തിന് 11 കോടിയുടെ അനുമതിയായത്. 3.2 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. സര്‍വേ നടപടികള്‍ തുടങ്ങിയതോടെ വീട് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പുണ്ടായി. ബദല്‍ പ്ലാനുമായി കര്‍മസമിതി ഹൈക്കോടതിയെ സമീപിച്ചു. ബദല്‍ നിര്‍ദേശം പഠിച്ച ശേഷമേ ബൈപ്പാസ് നിര്‍മിക്കാവൂവെന്ന് 2009-ല്‍ ഹൈക്കോടതി വിധിച്ചു. ഇതോടെ മാറ്റങ്ങളോടെ പുതിയ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. ഏറ്റെടുക്കേണ്ട സ്ഥലത്തില്‍ 3.68 ഹെക്ടര്‍ നിലമാണ്. ഇതുപയോഗിക്കാനുള്ള അനുമതിക്കായി തണ്ണീര്‍ത്തട പരിശോധന നടക്കാനും കാലതാമസം വന്നു. വിദഗ്ധസംഘത്തിന്റെ സ്ഥലപരിശോധനയ്ക്കും കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങാനും ഒന്നര വര്‍ഷത്തോളം വേണ്ടിവന്നു. 2016 ഡിസംബറിലാണ് ഇതിൻ അനുമതി ലഭിച്ചത്




Back To Blog Home Page