കോഴിക്കോട്:ഒരുപാട് പ്രശ്നങ്ങളിൽ ഇടപെടുമ്പോഴും സ്ത്രീകൾക്ക് ഇപ്പോഴും പിങ്ക്പോലീസിനെ വിളിക്കാൻ മടിയാണ്. ഈ പിങ്ക് പോലീസ് നഗരത്തിലെത്തിയിട്ട് ഒരു വർഷമാവുമ്പോൾ ഇവരെത്തേടിയെത്തിയ ഫോൺ കോളുകളിൽ അധികവും കുടുംബപ്രശ്നങ്ങളാണ്. പൊതുഇടങ്ങളിൽ ആളുകൾ ശല്യപ്പെടുത്തുമ്പോഴും നഗരത്തിൽ ഒറ്റപ്പെടുമ്പോഴുമൊക്കെ വിളിക്കുന്നത് വളരെ അപൂർവമാണ്. നഗരത്തിന്റെ രണ്ടുഭാഗങ്ങളിലായി രണ്ട് വാഹനങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 22 വനിതാപോലീസുകാരടങ്ങുന്ന പിങ്ക് പെേട്രാൾസംഘമുണ്ടാവും .
സ്ത്രീകൾ കൂടുതൽ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. പൂവാലശല്യം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്കൂൾ- കോളേജ് പരിസരങ്ങളിലെ ലഹരിവില്പന എന്നിവ തടഞ്ഞ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കുകയാണ് പിങ്ക് പോലീസിന്റെ പ്രവർത്തനം. പൊതുയിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ സ്ത്രീകളോട് ചോദിച്ചാൽ ഒരുപാട് പറയാനുണ്ടാവും. എന്നാൽ, ഈ പ്രശ്നങ്ങൾ എത്ര സ്ത്രീ സൗഹാർദ പോലീസ് വന്നാലും വിവരം അറിയിക്കാൻ മടിയാണെന്ന് പോലീസ് പറയുന്നു. സുരക്ഷയ്ക്കെത്തിയ പിങ്ക് പോലീസിന്റെ വാഹനത്തിൽ കയറാൻവരെ മടിക്കുന്ന സ്ത്രീകളെ വരെ ഒരുവർഷത്തിനിടയ്ക്ക് ഈ ‘പിങ്ക് സേന’ നേരിട്ട് കണ്ടു.
കാര്യമായ പ്രശ്നങ്ങളില്ലാതെ ഒരു വർഷം കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് പിങ്ക് പോലീസ് ഒരുവർഷം പിന്നിടുന്നത്. വിവിധ വിഷയങ്ങളിൽ സഹായം അഭ്യർഥിച്ച് 1547 ഫോൺ കോളുകളാണ് വന്നത്. 661 പരാതികളിൽ സംഭവസ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. ഭർത്താവും സഹോദരന്മാരും മദ്യപിച്ചെത്തി മർദിക്കുന്നതിൽനിന്ന് രക്ഷതേടി ഒരുപാട് സ്ത്രീകൾ വിളിക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ വിളിക്കുന്ന സ്ത്രീകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനോ അല്ലെങ്കിൽ പരാതി നൽകാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുഴൊക്കെ പിങ്ക് പോലീസിന്റെ വാഹനത്തിൽ കയറാൻ തയ്യാറാവാത്ത സ്ത്രീകളുമുണ്ട്.
സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ കാണുമ്പോൾ പിങ്ക് പോലീസിനെ വിവരം അറിയിക്കുന്ന പുരുഷന്മാരുടെ എണ്ണവും കൂടുതലാണ്. പരിക്കേറ്റ് ചെവിയിൽനിന്ന് ചോരയൊലിച്ച യുവതിയെക്കുറിച്ച് ബാലുശ്ശേരി-കാരപ്പറമ്പ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ വിവരമറിയിച്ച സംഭവമുണ്ടായിരുന്നു.
അതിർത്തികടന്നും ഫോൺവിളികൾ ജില്ലയുടെ ദൂരപ്രദേശങ്ങളിൽനിന്നും മലപ്പുറം, വയനാട് തുടങ്ങിയ അയൽ ജില്ലകളിൽനിന്നുപോലും 1515 എന്ന ടോൾഫ്രീ നമ്പറിലേക്ക് ഫോൺവിളികൾ വരാറുണ്ട്. ഇത് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ആരെങ്കിലും എടുക്കുമോ എന്നറിയാനും പോലീസ് എത്തുമോ എന്നറിയാനും ആളുകൾ വിളിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാനിക് ബട്ടൺ കാണാനില്ല പിങ്ക് പോലീസ് പട്രോളിങ്ങിനുപുറമേ നഗരത്തിൽ നൂറ് ഓട്ടോറിക്ഷകളിലും സുരക്ഷാസംവിധാനമൊരുക്കിയിരുന്നു. പാനിക്ക് ബട്ടൺ എന്ന പേരിൽ ചുവന്ന ബട്ടൺ ഓട്ടോറിക്ഷകളിൽ സ്ഥാപിച്ചു. എന്നാൽ, ഈ പാനിക്ക് ബട്ടൺ പോയിട്ട് സ്ഥാപിച്ച ടാബ്പോലും ഇന്ന് ഓട്ടോകളിലില്ല.
അപകടരമായ സാഹചര്യത്തിൽപെട്ടാലോ ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയാലോ പാനിക്ക് ബട്ടണിൽ വിരലൊന്നമർത്തിയാൽ സിറ്റി പോലീസ് കൺട്രോൾ റൂമിലെ അഞ്ച് മൊബൈൽ ഫോണുകളിലേക്ക് സന്ദേശമെത്തും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ആദ്യം പോലീസിന് സന്ദേശം ലഭിക്കുകയും ഓടിയെത്തുകയും ചെയ്തിരുന്നു. ബട്ടൺ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ബട്ടൺ അമർത്തി പോലീസിനെ കബളിപ്പിക്കുന്നവരുമുണ്ട്. പാനിക്ക് ബട്ടണുമായി ബന്ധിപ്പിക്കാനുള്ള അഞ്ച് മൊബൈൽ ഫോണുകൾപോലും കിട്ടിയില്ലെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.ജെ. ജയനാഥ് കമ്മിഷണർ ആയിരുന്ന കാലത്ത് സ്വകാര്യ ഏജൻസിയാണ് ഈ സംവിധാനം കൊണ്ടുവന്നത്. അതിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് പോലീസുകാർക്ക് അറിയില്ല.