ഇടവിട്ടുള്ള വേനൽ മഴ:ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്കോഴിക്കോട്:ഇടവിട്ടുള്ള വേനൽ മഴയിൽ കൊതുകുപെരുകുകയും ഡെങ്കിപ്പനി ഉണ്ടാക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുന്നറിയിപ്പു നൽകി. ഒരാഴ്‌ചയിലേറെ കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ടുപെരുകുന്നത്. പൊതുജനങ്ങൾ ഇക്കാര്യത്തിൽ താൽപര്യമെടുത്ത് കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിക്കളയണം.

ആർദ്രം മിഷനിലൂടെ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത 2018 ലക്ഷ്യമിടുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ വാർഡുതല ആരോഗ്യസേനകൾ ഉണർന്നു പ്രവർത്തിക്കണം. ഡെങ്കിപ്പനിയും അതുമൂലമുണ്ടാകുന്ന മരണങ്ങളും തടയാൻ ആരോഗ്യ വകുപ്പിന്റെ  നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.