കോഴിക്കോട് ബീച്ചാശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷം


കോഴിക്കോട്:ബീച്ചാശുപത്രിയിൽ ഐവി സെറ്റിനും ഉൾപ്പെടെ പല മരുന്നുകൾക്കും കടുത്ത ക്ഷാമം. ഇതിനാൽ രാത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളും അവർ‌ക്ക്
ഒപ്പള്ളവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഐവിസെറ്റ്, ഇഞ്ചക്‌ഷനുള്ള മരുന്ന് തുടങ്ങിയവ പുറമെ നിന്നും വാങ്ങിവരണമെന്നു നിർദേശിക്കുമ്പോൾ‌ ഇതിന്റെ കുറിപ്പടിയുമായി ഒപ്പമുള്ളവർ കഷ്ടപ്പെടുകയാണ്. നഗരത്തിൽ തന്നെ രാത്രിയിൽ തുറക്കുന്ന മെഡിക്കൽ ഷോപ്പുകൾ കുറവാണ്.

അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലെ ഫാർമസിയെ ആശ്രയിക്കണം. അവിടെയും കിട്ടിയില്ലെങ്കിൽ മെഡിക്കൽ കോളജിനു സമീപത്തെ മെഡിക്കൽ ഷോപ്പുകളിലെത്തി മരുന്നും മറ്റുമായി വരുന്ന അവസ്ഥയുള്ളതായാണ് പലരും പറയുന്നത്. ഇതെല്ലാം വാങ്ങാൻ പണമില്ലാത്തവർ അതിനായി പാതിരാത്രിയിൽ കൂടുതൽ ബുദ്ധിമുട്ടുന്നു. അപ്പോഴേക്കും രോഗിക്കു യഥാസമയം ലഭിക്കേണ്ട ചികിത്സക്കും താമസമുണ്ടാകുന്നതായി ആക്ഷേപമുണ്ട്.

സാമ്പത്തിക വർഷം അവസാനമായതിനാലാണ് പല മരുന്നുകളും ആശുപത്രയിലില്ലാതെ പോയതെന്നാണ് ചിലരിൽ നിന്ന് ലഭിച്ച വിവരം. ലോക്കൽ പർച്ചേഴ്സിൽ ഐവി സെറ്റ് വാങ്ങി നൽകിയെങ്കിലും അതും ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രം തികയുള്ളുന്നു. കാരണം അത്യാഹിത വിഭാഗത്തിൽ മാത്രം ഒരു ദിവസം നൂറിലേറെ ഐവി സെറ്റുവേണം. ലോക്കൽ പർച്ചേഴ്സിൽ 250 ഐവി സെറ്റുകൾ വാങ്ങി നൽകിയാൽ അതു രണ്ടു ദിവസത്തേക്ക് തികയുന്നില്ല.

വാർ‌ഡുകളിൽ പ്രവേശിക്കുന്ന രോഗികളിൽ ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് സാധനങ്ങൾ വാങ്ങാൻ‌ അതു പ്രകാരം എഴുതി നൽ‌കും. അല്ലാത്തവർ പുറമെ നിന്നും പണം കൊടുത്തു വാങ്ങണം. പ്രഷർ, പ്രമേഹം എന്നിവയുടെ മരുന്നുകൾ ഇല്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതു കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഐവിസെറ്റുൾ‌പ്പെടെ ഇല്ലാത്തത് അറിഞ്ഞിട്ടില്ല.




Back To Blog Home Page