ഒരു മാസത്തിനിടെ വെസ്റ്റ്ഹില്‍ സംസ്‌കരണ പ്ലാന്റില്‍ നിന്ന് കയറ്റി അയച്ചത് 3 ലോഡ് പ്ലാസ്റ്റിക്



കോഴിക്കോട്‌: വെസ്റ്റ്ഹില്‍ അജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്‍നിന്ന് പ്ലാസ്റ്റിക് സംസ്‌കരിച്ച് കയറ്റിയയച്ചുതുടങ്ങി. ഒരു മാസത്തിനിടെ മൂന്നുലോഡ് പ്ലാസ്റ്റിക് പരലുകളാണ് കയറ്റിയയച്ചത്.നിറവിനാണ് പ്ലാറ്റിന്റെ നടത്തിപ്പ് ചുമതല. നിലവില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്ലാസ്റ്റിക്കാണ് ഇവിടെ എത്തിക്കുന്നത്. പ്രതിദിനം 2000 കിലോ പ്ലാസ്റ്റിക് സംസ്‌കരിക്കാനുള്ള ശേഷിയുണ്ട് പ്ലാന്റില്‍. ഇതുവരെ വീടുകളില്‍നിന്ന് നേരിട്ട് പ്ലാസ്റ്റിക് എടുത്തു തുടങ്ങിയിട്ടില്ല. ഇപ്പോഴെത്തിച്ചിട്ടുള്ള പ്ലാസ്റ്റികില്‍ ഏറെയും പലതരം മാലിന്യം കലര്‍ന്ന രീതിയിലാണ്. ഇത് വൃത്തിയാക്കി വേണം സംസ്‌കരിക്കാന്‍. അതുകൊണ്ട് രണ്ടുടണ്‍ പ്ലാസ്റ്റിക് സംസ്‌കരണത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. പലതരം പ്ലാസ്റ്റിക് തരംതിരിച്ച് യന്ത്രസഹായത്തോടെ വൃത്തിയാക്കും. തുടര്‍ന്ന് ഇത് പൊടിച്ചെടുക്കുകയും പ്രത്യേക സംവിധാനത്തിലൂടെ പരലുകളാക്കി മാറ്റുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പി, ചിലതരം പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ എന്നിവയൊന്നും ഈ രീതിയില്‍ സംസ്‌കരിക്കാനാവില്ല. ഇത്തരം സാധനങ്ങളെല്ലാം കയറ്റിയയക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക്കിനൊപ്പം നാപ്കിനുകളും ചെരുപ്പും മരഉരുപ്പടികളും വരെ എത്താറുണ്ടെന്ന് കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത് വൃത്തിയാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അവ സംസ്‌കരണകേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് തരംതിരിച്ച് വൃത്തിയാക്കുന്നവയിലേറെയും പ്രദേശത്തുള്ള തൊഴിലാളികളാണ്. പലതരം മാലിന്യം കയറുന്നതോടെ ബുദ്ധിമുട്ടാവുന്നത് ഇവര്‍ക്കാണ്. സംസ്‌കരിച്ച് പരലുകളാക്കി മാറ്റുന്ന പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിക്കോ മറ്റോ ആവശ്യമുണ്ടെങ്കില്‍ നല്‍കും. പ്ലാസ്റ്റിക് പൈപ്പ്, ചെരുപ്പ്, റോഡ് പണി എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാന്‍ പറ്റുന്നതാണിത്. കോര്‍പ്പറേഷനിലെ 19-ാം സര്‍ക്കിളില്‍ നിന്നുള്ളതും റെസിഡന്‍സ് അസോസിയേഷനില്‍നിന്നുമുള്ള പ്ലാസ്റ്റിക്കാണ് നിലവില്‍ ശേഖരിച്ചിട്ടുള്ളതെന്ന് പ്ലാന്റിന്റ നടത്തിപ്പ് ചുമതലയുള്ള നിറവിന്റെ കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് പറഞ്ഞു. ഇപ്പോള്‍ത്തന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഇല്ലാതായിട്ടുണ്ട്. റോഡിലേക്ക് പാഴ്‌വവസ്തുക്കള്‍ വലിച്ചെറിയുന്നത് കുറച്ചുകാലംകൊണ്ട് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിതകര്‍മസേന അടുത്തമാസം മുതല്‍ അടുത്തമാസം മുതല്‍ ഹരിതകര്‍മസേന അജൈവമാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന് 80 രൂപ നല്‍കണം. വീടുകളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് വൃത്തിയായി തരംതിരിച്ചുവയ്ക്കണം. ആറ് സര്‍ക്കിളുകളിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുക. പാഴ്വസ്തുക്കള്‍ എം.ആര്‍.എഫുകളിലും പിന്നീട് സൂപ്പര്‍ എം.ആര്‍.എഫിലും എത്തിക്കും. അവിടെ നിന്ന് പ്ലാന്റിലേക്ക് കൊണ്ടുവരും. ഇങ്ങനെയല്ലാതെ നേരിട്ടും പ്ലാന്റില്‍ പ്ലാസ്റ്റിക് എത്തിക്കാം

Post a Comment

0 Comments