സീറോ വേസ്റ്റ് പദ്ധതി: കാലതാമസം വരുത്തിയ ഒരു മുനിസിപ്പാലിറ്റിക്കും, നാലു പഞ്ചായത്തുകളക്കും കലക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്കോഴിക്കോട്:ജില്ലയെ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച സീറോ വേസ്റ്റ് പദ്ധതി നടത്തിപ്പിൽ കാലതാമസം വരുത്തുന്ന നാല് പഞ്ചായത്തുകൾക്കും ഒരു മുനിസിപ്പാലിറ്റിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാൻ കലക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിലെ വീഴ്ചയും പദ്ധതി നടത്തിപ്പിൽ വരുത്തിയ കാലതാമസവും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചത്.

മുക്കം മുനിസിപ്പാലിറ്റിക്കും നരിക്കുനി, കുന്നമംഗലം, അരിക്കുളം, പെരുവയൽ പഞ്ചായത്തുകൾക്കുമാണ് കാരണം കാണിക്കൽ നേട്ടിസ് അയക്കുന്നത്. മുക്കം മുനിസിപ്പാലിറ്റിയിൽ ഹരിതകർമസേന രൂപീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനു നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ നരിക്കുനി, അരിക്കുളം, കുന്നമംഗലം, പെരുവയൽ പഞ്ചായത്തുകൾ ഇതിനായുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. ദുരന്ത നിവാരണ നിയമ പ്രകാരമാണ് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നത്.സീറോ വേസ്റ്റ് പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളിലും ഹരിത കർമസേന രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ 60 പഞ്ചായത്തുകളിലെയും നാല് മുനിസിപ്പിലാറ്റികളിലെയും പരിശീലന പരിപാടികൾ പൂർത്തിയായിട്ടുണ്ട്. ഇതുവരെ പരിശീലനപരിപാടിയിൽ പങ്കെടുക്കാത്തവർക്ക് ഉടൻ പരിശീലനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അസിസ്റ്റന്റ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ പി.സി. കവിത എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Back To Blog Home Page