കനോലി കനാൽ നവീകരണം: 100 കോടി കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ ശ്രമം തുടങ്ങി


കോഴിക്കോട്:കനോലി കനാൽ–  കല്ലായിപ്പുഴ നവീകരണത്തിനായി വിഭാവനം ചെയ്യുന്ന അർബൻ വാട്ടർ ലൂപ് പദ്ധതിക്കായി കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ ശ്രമം ആരംഭിച്ചു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തയാറാക്കിയ മാസ്റ്റർ പ്ലാനിൽ കോരപ്പുഴ–കനോലി കനാൽ–കല്ലായിപ്പുഴ–കടൽ–കോരപ്പുഴ എന്നിങ്ങനെയുള്ളലൂപ്പാണ് പദ്ധതിയിടുന്നത്. കനോലി കനാൽ ചേരുന്നയിടങ്ങളിൽ കോരപ്പുഴയും കല്ലായിപ്പുഴയും ഡ്രജിങ് നടത്തി ചെളിനീക്കുന്നതും കനാലിന്റെ സൗന്ദര്യവൽക്കരണവുമെല്ലാം ഉൾപെട്ടതാണ് പദ്ധതി.

കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വദേശ് ദർശൻ പദ്ധതിയിലേക്ക് കനോലി–കല്ലായി പദ്ധതിയും സമർപ്പിക്കാൻ സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ തീരുമാനമായെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു.

തീരദേശം, ഗ്രാമീണ ജീവിതം, പൈതൃകം, മരുഭൂമി, വനം എന്നിങ്ങനെ തരംതിരിച്ചുള്ള ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി പണം നൽകുന്ന പദ്ധതിയാണ് സ്വദേശ് ദർശൻ. ഇതിൽ തീരദേശം എന്ന വിഭാഗത്തിൽപ്പെടുന്ന അർബൻ വാട്ടർ ലൂപ്പിന് 100 കോടിവരെ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. എംഎൽഎമാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെ മുൻപിൽ  മാസ്റ്റർ പ്ലാൻ ഈമാസമാദ്യം അവതരിപ്പിക്കും. യോഗത്തിലെ തീരുമാനങ്ങൾക്കനുസൃതമായി മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിനും ഈമാസംതന്നെ കേന്ദ്രത്തിനും സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടർ അറിയിച്ചു.

കല്ലായിപ്പുഴയിലെ ഡ്രജിങ്ങിനു മുന്നോടിയായുള്ള ഹൈഡ്രോഗ്രഫിക് സർവേ പൂർത്തിയായിരുന്നു. കല്ലായി, കോരപ്പുഴ മുഖങ്ങളിലെ ചെളി നീങ്ങുന്നതോടെ കനോലി കനാലിലെ ഒഴുക്ക് സജീവമാകുമെന്നാണ് പ്രതീക്ഷ. ദേശീയ ജലപാതയായി പ്രഖ്യാപിച്ച കനാലിൽ നിലവിൽ ലഭ്യമായ സ്ഥലത്താണ് ഇപ്പോൾ സൗന്ദര്യവൽക്കരണം നടത്തുന്നത്. ദേശീയ ജലപാത നിർമാണം ആരംഭിക്കുന്നതിനുമുൻപുതന്നെ ചെറുബോട്ടുകളുടെ യാത്രയും സാധ്യമാക്കും. കല്ലായിപ്പുഴയുമായി ബന്ധപ്പെട്ടു തിരിച്ചുപിടിച്ച കയ്യേറ്റഭൂമി എങ്ങനെ ഉപയോഗിക്കണമെന്നും മാസ്റ്റർ പ്ലാനിൽ വിശദമാക്കുന്നുണ്ട്. മരവ്യവസായം എവിടെയെല്ലാം നിലനിർത്തണം, കനാലിലേക്കും പുഴയിലേക്കും അഴുക്കു തള്ളുന്ന ഓവുചാലുകളിൽ ഓരോന്നും എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുന്നുണ്ട്. ജനപ്രതിനിധികളുടെ യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ നിർദേശമുണ്ടാകുന്നത്.

Post a Comment

0 Comments