ചാലിയാറിലെ മത്സ്യസമ്പത്ത്; പഠനം തുടങ്ങി


കോഴിക്കോട്:ചാലിയാറിലെ മത്സ്യസമ്പത്തിനെക്കുറിച്ച് കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം(സിഐഎഫ്ആർഐ) നേതൃത്വത്തിൽ ശാസ്ത്രീയ പഠനം തുടങ്ങി. സിഐഎഫ്ആർഐ റിവറൈൻ വിഭാഗത്തിനു കീഴിൽ കൊച്ചി കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഒരു വർഷം നീളുന്ന സമഗ്ര പരിശോധന. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ ആധുനിക ഉപകരണങ്ങളുമായി തോണിയിൽ സഞ്ചരിച്ചാണ് ഫറോക്ക് മേഖലയിലെ സർവേ. പുഴയിലെ വൈവിധ്യം കണ്ടെത്താനായി വേനൽക്കാലം, മഴക്കാലം. തണുപ്പ് കാലം എന്നിങ്ങനെ വർഷത്തെ മുഴുവൻ സീസണിലും സർവേ നടത്തും.

ചാലിയാറിൽ മൽസ്യസമ്പത്ത് കുറയുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം. പുഴ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും മൂലം മൽസ്യസമ്പത്ത് കുറയുന്നുണ്ടോയെന്നാണ് പ്രധാനമായും പഠിക്കുന്നത്. നിലവിൽ പുഴയിൽ നിന്നു ഏതെല്ലാം മത്സ്യങ്ങളാണ് ലഭിക്കുന്നതെന്നും ഉൾനാടൻ മൽസ്യത്തൊഴിലാളികൾക്കു ഉപജീവനത്തിനുള്ള മത്സ്യം ലഭിക്കുന്നുണ്ടോയെന്നും സിഐഎഫ്ആർഐ ഡയറക്ടർ ഡോ. ബി.കെ. ദാസ്, റിവറൈൻ വകുപ്പ് മേധാവി ഡോ. വി.ആർ. സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലുള്ള ഗവേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഒപ്പം പുഴയുടെ ഒഴുക്ക്, അടിത്തട്ടിന്റെ അവസ്ഥ, വെള്ളത്തിലെ ഓക്സിജന്റെ അളവ്, മലിനീകരണത്തിന്റെ തോത് എന്നിവയും പഠന വിഷയമാണ്. ചാലിയാറിൽ ഫറോക്കിനു പുറമെ കരുവൻതിരുത്തി, അഴിഞ്ഞിലം, എടവണ്ണ, അരീക്കോട്, മമ്പാട്, നിലമ്പൂർ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ സർവേ നടത്തും. ഒരു നദിയിൽ എല്ലാ സീസണിലും സർവേ നടത്തി പ്രക്രിയ പൂർത്തീകരിക്കാൻ കുറഞ്ഞതു മൂന്നു വർഷമെടുക്കുമെന്നു സിഐഎഫ്ആർഐ ശാസ്ത്രജ്ഞർ പറഞ്ഞു.പഠന റിപ്പോർട്ട് തയാറാക്കി ആവശ്യമായ നിർദേശങ്ങളടക്കം കേന്ദ്ര കൃഷി മന്ത്രാലയത്തിനു സമർപ്പിക്കാനാണ് പദ്ധതി. സിഐഎഫ്ആർഐ കൊച്ചി കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ തങ്കം പോൾ, ഡോ. ദീപ സുധീശൻ, ബെംഗളൂരു സെന്ററിലെ ഡോ. അജയ് സാഹ, ബരക്പൂർ കേന്ദ്രത്തിലെ ശ്രവൺ കുമാർ ശർമ എന്നിവരാണ് ചാലിയാർ പരിശോധന സംഘത്തിലുള്ളത്

Post a Comment

0 Comments