ഓണ്‍ലൈന്‍ ടാക്‌സി ഇനി സർക്കാർ വക



ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ്

പ്രാഥമിക സാങ്കേതികസഹായം നല്‍കാന്‍ ULCCS

കോഴിക്കോട്: ഉബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ ഓട്ടോയും കാറും ഓടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തൊഴില്‍വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാആസ്ഥാനങ്ങളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് വിശദ രൂപരേഖ തയ്യാറാക്കിയിരുന്നു. അംഗീകൃത തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ തൊഴില്‍വകുപ്പ് ഇത് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പ്രാഥമിക സാങ്കേതികസഹായം നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ഏതാണ്ട് അഞ്ചുലക്ഷത്തിലേറെ ടാക്‌സികാറുകളും ഓട്ടോറിക്ഷകളും സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവരെ ചേര്‍ത്ത് സഹകരണസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ പ്രചാരത്തിലായതോടെ ടാക്‌സി സ്റ്റാന്‍ഡുകളും ഓട്ടോസ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നവര്‍ നേരിടുന്ന തൊഴില്‍പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിസര്‍വീസ് തുടങ്ങാന്‍ ഇതും പ്രേരണയായിട്ടുണ്ട്.

ഓണ്‍ലൈന്‍ ടാക്‌സിസര്‍വീസിന് തയ്യാറാകുന്നവരുടെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണം. എല്ലാ ടാക്‌സികളിലും അടുത്ത ജനുവരിമുതല്‍ ജി.പി.എസ്. നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. 12,500 രൂപയാണ് ഇതിനുള്ള ചെലവ്. ഇത് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജി.പി.എസ്. സ്ഥാപിക്കുന്നവര്‍ക്ക് പലിശ സര്‍ക്കാര്‍ സബ്‌സിഡിനല്‍കും. ജി.പി.എസ്. സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും നിരീക്ഷണസൗകര്യവുമുണ്ടായിരിക്കും. ജി.പി.എസിന്റെ സ്‌ക്രീനില്‍ സവാരി പോകുന്ന സ്ഥലത്തേക്കുള്ള ദൂരത്തിനും വഴിക്കുമൊപ്പം വാണിജ്യപരസ്യങ്ങളും തെളിയും. പരസ്യപ്രദര്‍ശനത്തിലൂടെ മോശമല്ലാത്ത വരുമാനവും ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇങ്ങനെ ലഭിക്കുന്ന പരസ്യവരുമാനവും തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കും.

Post a Comment

0 Comments