സംസ്ഥാന വനിതാകമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫീസ് രണ്ടുമാസത്തിനകം


കോഴിക്കോട്: സംസ്ഥാന വനിതാകമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫീസ് രണ്ടുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് ഓഫീസ് ഉപകാരപ്രദമാകും. നിലവില്‍ തിരുവനന്തപുരത്തുമാത്രമാണ് ഓഫീസുള്ളത്. ഇത് പരാതി നേരിട്ടുനല്‍കാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മേഖലാ ഓഫീസ് തുടങ്ങാനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. സ്ഥലം സംബന്ധിച്ച് കോഴിക്കോട് കളക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു. കമ്മിഷന്‍ നടത്തിയ മെഗാ അദാലത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട് ഓഫീസ് തുടങ്ങുന്നതിന് പത്തുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും മേഖലാ ഓഫീസുകള്‍ തുറക്കും. അടുത്ത വനിതാദിനത്തിന് മുന്‍പ് വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാനത്ത് പെണ്‍ ഭ്രൂണഹത്യ നടക്കുന്നുവെന്ന സംശയം കമ്മിഷനുണ്ട്. ഇക്കാര്യങ്ങള്‍ പഠിക്കാനും സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ വിശദമായി മനസ്സിലാക്കാനും പ്രത്യേകസംഘത്തെ നിയോഗിക്കും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കേസെടുക്കുന്നതിന് ജില്ലാതലത്തില്‍ രൂപവത്കരിച്ച വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനംകൂടി അറിയണമെന്ന വിധി തിരിച്ചടിയാണ്. കമ്മിറ്റിയില്‍ ആരൊക്കെയാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് വിശദമാക്കിയിട്ടില്ല. പക്ഷപാതപരമായ തീരുമാനമായിരിക്കും കമ്മിറ്റി എടുക്കുക. ഇത് സ്ത്രീക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കും. ഈ സര്‍ക്കുലര്‍ പോലീസ് സ്റ്റേഷനുകളില്‍ വന്നതോടെ പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണ്. വിഷയത്തില്‍ വനിതാകമ്മിഷന്‍ സുപ്രീംകോടതിയില്‍ കക്ഷിചേരും. എല്ലാ ജില്ലകളിലും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കൗണ്‍സലര്‍മാരെ നിയമിക്കാനുള്ള അനുമതി സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

Post a Comment

0 Comments