കെഎച്ച്ആർഎയുമായി സഹകരിച്ച് ജില്ലയിലെ യാത്രക്കാർക്ക് ശുചിമുറി സൗകര്യമൊരുക്കാനൊരുങ്ങി ജില്ലാഭരണകൂടം



കോഴിക്കോട്:ജില്ലയിൽ യാത്രചെയ്യുന്നവർക്ക് ശുചിമുറി സൗകര്യം ലഭ്യമാക്കാൻ ജില്ലാഭരണകൂടം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി (കെഎച്ച്ആർഎ) കൈകോർക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള ഹോട്ടലുകളിലെ ശുചിമുറികൾ യാത്രക്കാർക്ക് പണംനൽകിയോ സൗജന്യമായോ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. തൊട്ടടുത്തുള്ള ശുചിമുറി സൗകര്യം കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും തയാറായി വരികയാണെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. നിലവിൽ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നവർക്കുമാത്രമാണ് അവിടങ്ങളിലെ ശുചിമുറി സൗകര്യം ലഭ്യമായിട്ടുള്ളത്.

പദ്ധതിയിൽ സഹകരിക്കുന്ന ഹോട്ടലുകളിലെ ശുചിമുറികൾ ആർക്കും ഉപയോഗിക്കാനാകുമെന്നതാണ് ഗുണം. കെഎച്ച്ആർഎയുമായി സഹകരിച്ച് നഗരത്തിൽമാത്രം 300 യൂണിറ്റ് ശുചിമുറികൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടുന്നത്. ജില്ലയിൽ മൊത്തം വിവിധ റോഡുകളിലായി 500 യൂണിറ്റുകളുടെ ശൃംഖല രൂപപ്പെടുത്താനാണു ശ്രമം. ആപ്പിലൂടെ കണ്ടെത്തുന്ന ശുചിമുറിയുടെ വൃത്തിയും, നിലവാരവും വിലയിരുത്താനും സൗകര്യമുണ്ട്. മികച്ച റേറ്റിങ് ലഭിക്കുന്ന ഹോട്ടലുകൾക്ക് ഓരോ മാസവും പ്രത്യേക പുരസ്കാരം നൽകാനും ലക്ഷ്യമിടുന്നു.

പദ്ധതിയിൽ സഹകരിക്കുന്ന ഹോട്ടലുകളുടെ മുന്നിൽ ഇക്കാര്യം എഴുതി പ്രദർശിപ്പിക്കുകയും ചെയ്യും. പൊതുശുചിമുറികളുടെ അപര്യാപ്തതയും, പരിപാലനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് കെഎച്ച്ആർഎയുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഓപറേഷൻ സുലൈമാനിക്കു ശേഷം അസോസിയേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാകുമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം ഡിസ്ട്രിക്ട് കലക്ടേഴ്സ് ഇന്റേൺഷിപ് പ്രോഗ്രാമിലെ വൊളന്റിയർമാരുടെ നേതൃത്വത്തിൽ നഗരത്തിലെ പൊതു ശുചിമുറികളുടെ നവീകരണം തുടരുമെന്നും കലക്ടർ ജോസ് അറിയിച്ചു.

Logo credit:KHRA Facebook page

Post a Comment

0 Comments