മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനം: ഭരണാനുമതി വീണ്ടും നേടണം
കോഴിക്കോട്:മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി വീണ്ടും ഭരണാനുമതി ലഭ്യമാക്കേണ്ടിവരും. 2008ലെ ഭരണാനുമതിയനുസരിച്ചായിരുന്നു ഇതുവരെയുള്ള പ്രവർത്തനം. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ച് പുതിയ ഭരണാനുമതി ലഭ്യമാക്കിയാലേ ഇനി ഫണ്ട് അനുവദിക്കാനാകൂവെന്ന് ധനവകുപ്പ് നിലപാടെടുക്കുകയാണുണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് മൊത്തം സ്ഥലമേറ്റെടുപ്പിന് ആവശ്യമായി വരുന്ന 334.5 കോടിയുടെ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കോഴിക്കോട് പ്രോജക്ട് ഓഫിസ് ഇന്നു പൊതുമരാമത്ത് വകുപ്പിനു സമർപ്പിക്കും. ഭരണാനുമതി ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു.

334.5 കോടിയിൽ ഇതുവരെ ലഭിച്ചിരിക്കുന്നത് 110 കോടിയാണ്. ഇതനുസരിച്ചുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ട്. ബാക്കിതുകയ്ക്കുവേണ്ടിയാണ് പുതിയ ഭരണാനുമതി ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭരണാനുമതി വീണ്ടും ലഭ്യമാക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ വേണ്ടതുചെയ്യുമെന്നാണു പ്രതീക്ഷയെന്നും എ. പ്രദീപ്കുമാർ എംഎൽഎ അറിയിച്ചു. അതേസമയം. റോഡ് വികസനത്തിനു സ്ഥലമേറ്റെടുക്കാൻ ആവശ്യമായ മുഴുവൻ തുകയും അനുവദിക്കുക എന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 18 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്. കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണനാണ് നേതൃത്വം നൽകുന്നത്.

Post a Comment

0 Comments