സന്ദർശകരുടെ കാര്യത്തിൽ ഈ വർഷവും ഒന്നാമത് കോഴിക്കോട് പ്ലാനറ്റേറിയം


കോഴിക്കോട്:സന്ദർശകരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാംവർഷവും കോഴിക്കോട് പ്ലാനറ്റേറിയം രാജ്യത്ത് ഒന്നാമത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള കോഴിക്കോട് കേന്ദ്രത്തിൽ 2017–2018 വർഷം എത്തിയത് 5.75 ലക്ഷം സന്ദർശകരാണ്. 4.7 ലക്ഷം സന്ദർശകരെത്തിയ കൊൽക്കത്ത ബിർല പ്ലാനറ്റേറിയത്തിനാണ് രണ്ടാം സ്ഥാനം. രാജ്യത്തു മൊത്തം 28 പ്ലാനറ്റേറിയങ്ങളാണുള്ളത്. മലബാറിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സന്ദർശകരെത്തുന്ന കോഴിക്കോട് പ്ലാനറ്റേറിയത്തിൽ ഓരോവർഷവും സന്ദർശകർ വർധിച്ചുവരികയാണെന്ന് ഡയറക്ടർ വി.എസ്. രാമചന്ദ്രൻ പറഞ്ഞു.

2016–17ൽ 5.61 ലക്ഷവും 2015–16ൽ 5.25 ലക്ഷവുമായിരുന്നു സന്ദർശകർ. മുൻവർഷങ്ങളിൽ 70 ശതമാനവും വിദ്യാർഥികളായിരുന്നെങ്കിൽ ഇപ്പോൾ പൊതുജനങ്ങളുടെ എണ്ണവും വർധിക്കുകയാണ്. കഴിഞ്ഞവർഷമെത്തിയവരിൽ 60%, വിദ്യാർഥികളും 40% പൊതുജനങ്ങളുമായിരുന്നു. സന്ദർശകരുടെ ആവശ്യമനുസരിച്ചുള്ള പ്രവർത്തനരീതിയാണ് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെയും പ്ലാനറ്റേറിയത്തിന്റെയും ജനപ്രീതിക്കുകാരണമെന്നും ഡയറക്ടർ പറയുന്നു. സാധാരണയായി ഉച്ചയ്ക്ക് 12 മണി, രണ്ടുമണി, നാലുമണി, ആറുമണി എന്നിങ്ങനെയാണ് പ്രദർശനമെങ്കിലും കൂടുതൽപേരെത്തിയാൽ വീണ്ടും പ്രദർശനങ്ങൾ നടത്തും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരുദിവസം 19 പ്രദർശനങ്ങൾവരെ നടത്തിയിട്ടുണ്ട്. സ്കൂളുകളിൽനിന്നുള്ള പഠനയാത്രകൾ കൂടുതലായി നടക്കുന്ന ഫെബ്രുവരിയിൽമാത്രം സന്ദർശകരുടെ എണ്ണം ഒരുലക്ഷം കടക്കാറുണ്ട്. ഓണം, ദീപാവലി എന്നിങ്ങനെ രണ്ടുദിവസങ്ങളൊഴികെ ബാക്കി 363 ദിവസവും പ്രവർത്തിക്കുന്നുവെന്നതും പ്ലാനറ്റേറിയത്തിന്റെ പ്രത്യേകതയാണ്. മെക്കാനിക്കൽ, ഡിജിറ്റൽ ഹൈബ്രിഡ് പ്രൊജക്‌ഷൻ സൗകര്യമുള്ള അഞ്ചു പ്ലാനറ്റേറിയങ്ങളിലൊന്നാണ് കോഴിക്കോട്ടേത്. പുതുതായി ആരംഭിച്ചിരിക്കുന്ന സമുദ്രഗാലറിയടക്കമുള്ള സംവിധാനങ്ങളും പ്ലാനറ്റേറിയത്തിലെ ആകർഷണമാണ്.

Post a Comment

0 Comments