നഗരപരിധിയില്‍ അഞ്ചുമാസത്തിനിടെ 586 വാഹനാപകടങ്ങൾ, 67 പേർ മരണപ്പെട്ടു



കോഴിക്കോട്‌: നഗരപരിധിയില്‍ വാഹനാപകടങ്ങള്‍ കുറയ്‌ക്കാന്‍ നടപടിയുമായി പോലീസ്‌ രംഗത്തിറങ്ങിയിട്ടും അപകടങ്ങള്‍ കുറഞ്ഞില്ല. ഇക്കൊല്ലം അഞ്ചുമാസത്തിനിടയില്‍ 586 വാഹനാപകടങ്ങളാണ്‌ നഗര പരിധിയില്‍ ഉണ്ടായത്‌. ഇതില്‍ 67 പേര്‍ മരിക്കുകയും 682 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ അപകടത്തില്‍ മരിച്ചവരുടെഎണ്ണം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വാഹനാപകടങ്ങളില്‍ 58 പേരാണ്‌ മരിച്ചത്‌. 614 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. 589 വാഹന അപകടങ്ങള്‍ സംഭവിച്ചു.കഴിഞ്ഞ വര്‍ഷം നഗരത്തില്‍ 184 പേരാണ്‌ മരിച്ചത്‌. 1544 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.


പുതുതായി നിര്‍മിച്ച റോഡുകളിലും നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ റോഡുകളിലുമാണ്‌ ഗുരുതര പരുക്കിലേക്കു നയിച്ച ഏറെ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. പുതുതായി നിര്‍മിച്ച റോഡിലാണ്‌ 21 വാഹന അപകടങ്ങള്‍ ഉണ്ടായത്‌.ഇതില്‍ അഞ്ചെണ്ണം യാത്രക്കാര്‍ക്ക്‌ ഗുരുതര പരക്കേല്‍പിച്ചിട്ടുള്ളതാണ്‌. നല്ല റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതാണ്‌ ഇത്തരത്തില്‍ അപകടങ്ങള്‍ കൂടാനും പരുക്കേല്‍ക്കാനും കാരണമെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗരത്തില്‍ കഴിഞ്ഞ വര്‍ഷം അപകടങ്ങള്‍ വര്‍ധിച്ചപ്പോള്‍ റോഡില്‍ മഞ്ഞയും ചുവപ്പും അടയാളങ്ങളിട്ട്‌ ട്രാഫിക്‌ പോലീസ്‌ അപകടത്തെക്കുറിച്ച്‌ യാത്രക്കാര്‍ക്ക്‌ ഓര്‍മപ്പെടുത്തല്‍ നടത്തിയിരുന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ നൂറോളം കേന്ദ്രങ്ങളിലാണ്‌ ഡെത്ത്‌ സ്‌പോട്ടുകള്‍ മാര്‍ക്ക്‌ ചെയ്‌ത് അപകടങ്ങങ്ങളെക്കുറിച്ച്‌ ഓര്‍മപ്പെടത്തിയത്‌.എന്നാല്‍ അതിനു വേണ്ടത്ര മാറ്റം വരുത്താന്‍ കഴിഞ്ഞില്ല.

ഇരുചക്ര വാഹനക്കാരുടെ വേഗതയില്‍ കുറവൊന്നും വരുത്താനും കഴിഞ്ഞില്ല. ഡെത്ത്‌ സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയ റോഡിലൂടെ ഇപ്പോഴും വാഹനങ്ങള്‍ കുതിച്ചുപായുന്നു. അപകട സൂചന നല്‍കുന്ന മുന്നറിയിപ്പു ബോര്‍ഡുകളും പോലീസ്‌ നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ സ്‌ഥാപിച്ചിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗടക്കം ട്രാഫിക്‌ നിയമ ലംഘനത്തിനെതിരേ പോലീസ്‌ ബോധവല്‍ക്കരണ നടപടികള്‍ ശക്‌തമാക്കുകയും ചെയ്‌തിരുന്നു. നഗരത്തിലെ അപകടങ്ങള്‍ കുറയ്‌ക്കുന്നതിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ട്രാഫിക്‌ പോലീസ്‌, പൊതുമരാമത്ത്‌ വകുപ്പ്‌, കേരള റോഡ്‌ ഫണ്ട്‌ റോഡ്‌, ദേശീയപാത വിഭാഗം, കോഴിക്കോട്‌ കോര്‍പറേഷന്‍ എന്നവിയുടെ സംയുക്‌താഭിമുഖ്യത്തില്‍ അപകടങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിനു ലക്ഷ്യമിട്ട്‌ യോഗങ്ങള്‍ നടത്തിയിരന്നു. റോഡുകളില്‍ മരണം വിതച്ച കേന്ദ്രങ്ങളിലും അപകട മേഖലയിലും േേറാഡിന്റെ അലൈന്‍മെന്റ്‌ മാറ്റം തയാറാക്കുന്നതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നാറ്റ്‌പാക്കിനോ്‌ട ട്രാഫിക്‌ പോലീസ്‌ നിര്‍ദേശിച്ചിരുന്നു. നാറ്റ്‌പാക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഇതു തുടര്‍നടപടികള്‍ക്കായി പൊതുമരാമത്ത്‌ വകുപ്പിനു സമര്‍പ്പിച്ചിരിക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു. അതേസമയം, സീബ്രാലൈനുകള്‍ മാഞ്ഞുപോയതും സ്ലാബ്‌ പൊട്ടിയ ഓടകള്‍ മൂടാത്തതും അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

Post a Comment

0 Comments