കോഴിക്കോട്: നിപ്പാ വൈറസ് ഭീതികാരണം കോഴിക്കോട്ട് ട്രെയിനിലും ബസിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കുറ്റ്യാടി-കോഴിക്കോട്ട് റൂട്ടില്‍ ആളില്ലാത്തതിനാല്‍ സ്വകാര്യബസ്സുകള്‍ സര്‍വീസുകളും കുറച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പ്രതിദിനം രണ്ട് ലക്ഷം രൂപയും കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പാലം ഡിപ്പോയ്ക്ക് അരലക്ഷം രൂപയുമാണ് നഷ്ടമുണ്ടാവുന്നത്. സാധാരണ റംസാന്‍ മാസത്തില്‍ വരുമാന നഷ്ടമുണ്ടാവാറുണ്ടെങ്കിലും നിപ ഭീതി യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു പറഞ്ഞു. 13 മുതല്‍ 16 ലക്ഷം രൂപ വരെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ പ്രതിദിന ടിക്കറ്റ് വരുമാനം. എന്നാല്‍, ഒരാഴ്ചയോളമായി 10 ലക്ഷം കവിയുന്നേയുള്ളൂ. ആറുലക്ഷം രൂപയാണ് തൊട്ടില്‍പ്പാലം ഡിപ്പോയുടെ ശരാശരി വരുമാനം. അത് ശരാശരി അഞ്ചര ലക്ഷത്തിനപ്പുറം പോവുന്നില്ല. കഴിഞ്ഞ 14-ന് 6,91,000രൂപ ഡിപ്പോയ്ക്ക് കളക്ഷന്‍ കിട്ടിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തനെയിടിഞ്ഞു. കഴിഞ്ഞ 21-ന് 4,78,000 രൂപയാണ് ആകെ കളക്ഷന്‍ ലഭിച്ചത്. ബസുകളില്ലാത്ത പ്രശ്‌നമുണ്ടെങ്കിലും വരുമാനം ഇങ്ങനെ കുത്തനെയിടിഞ്ഞത് ഈ റൂട്ടില്‍ സഞ്ചരിക്കാനുള്ള യാത്രക്കാരുടെ ഭയംതന്നെയാണെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു. വയനാട്-തൊട്ടില്‍പ്പാലം, തൊട്ടില്‍പ്പാലം-കോഴിക്കോട് റൂട്ടുകളിലാണ് അധികം പ്രശ്‌നമുള്ളത്. തൊട്ടില്‍പ്പാലം-കോഴിക്കാട് റൂട്ടിലോടുന്ന ഒരു കെ.എസ്.ആര്‍.ടി.സി. ബസിന് 13000 രൂപ വരെ ദിവസവും വരുമാനമുണ്ടാവാറുണ്ട്. ഇപ്പോഴത് 6,800 രൂപയായി കുറഞ്ഞു. ആളില്ലാത്ത പ്രശ്‌നം കാരണം എല്ലാദിവസവും സര്‍വീസ് റദ്ദാക്കാറേണ്ടിവരുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
0 Comments