തിരുവനന്തപുരം: സംസ്ഥാനത്ത് 2017 ഏപ്രില്‍-2018 മാര്‍ച്ച് കാലയളവിൽ കുട്ടികള്‍ക്കുനേരെ 778 അതിക്രമങ്ങള്‍ നടന്നതായി കുടുംബശ്രീ റിപ്പോര്‍ട്ട്. കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഫോണിലൂടെയും നേരിട്ടും റിപ്പോര്‍ട്ട് ചെയ്ത അതിക്രമങ്ങളുടെ കണക്കാണിത്. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്-222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേസ് മാത്രം. മലപ്പുറത്ത് 190, എറണാകുളത്ത് 156 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 30 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണിത്. പാലക്കാടാണ് മുന്നില്‍-14. ഗാര്‍ഹികപീഡനം ഉള്‍പ്പെടെ 4721 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍. ഫോണിലൂടെ 2681 പരാതികളും നേരിട്ട് 1177 പരാതികളുമടക്കം 3858 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 660 ഗാര്‍ഹികപീഡനവും എറണാകുളത്താണ്. 2244 സ്ത്രീകള്‍ക്ക് ഷോര്‍ട്ട് ഷെല്‍ട്ടര്‍ ഹോം സേവനം നല്‍കി. കേസുകള്‍ക്ക് ആവശ്യമായ നിയമസഹായവും സ്‌നേഹിത നല്‍കുന്നുണ്ട്. സ്‌നേഹിത കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സേവനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് എല്ലാ ജില്ലകളിലും സേവനം വ്യാപിപ്പിച്ചത്. വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമുണ്ട്. സംസ്ഥാന ശിശുക്ഷേമസമിതി, പോലീസ്, സാമൂഹികനീതി വകുപ്പ് എന്നിവ സംയോജിച്ചാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം ലഭിക്കാന്‍ മുഴുവന്‍സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ല, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം എന്നീ ക്രമത്തിൽ ഓരോ ജില്ലയിലേയും കണക്കുകൾ ചുവടെ കൊടുക്കുന്നു...
- തിരുവനന്തപുരം, 222, 511, 180
- കൊല്ലം, 12, 27, 1
- പത്തനംതിട്ട, 7, 29, 1
- ആലപ്പുഴ ,1 12, 1
- കോട്ടയം, 2, 30, 0
- ഇടുക്കി, 74, 235, 12
- എറണാകുളം, 156, 660, 269
- തൃശ്ശൂര്‍, 4, 16, 0
- പാലക്കാട്, 35, 105, 6
- മലപ്പുറം, 190, 432, 19
- കോഴിക്കോട്, 1, 7, 0
- വയനാട്, 63, 166, 16
- കണ്ണൂര്‍, 6, 4, 0
- കാസര്‍കോട്, 5, 14, 0
0 Comments