കോഴിക്കോട്: ജിഐഎസ് (ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) അടിസ്ഥാനപ്പെടുത്തി നഗരത്തിന്റെ മാസ്റ്റർപ്ലാൻ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു. ഐഎസ്ആർഒ നൽകുന്ന സാറ്റലൈറ്റ് മാപ്പ് ഉപയോഗിച്ച് റീജനൽ ടൗൺ പ്ലാനിങ് ഓഫിസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ഉൾപ്പെടാത്ത സൂക്ഷ്മവിവരങ്ങൾ ടൗൺ പ്ലാനിങ് വിഭാഗം പ്രത്യേകം സർവേ നടത്തി കൂട്ടിച്ചേർക്കും. ഇങ്ങനെ സമഗ്രമായ ഡിജിറ്റൽ മാപ്പിലേക്ക് നിലവിലുള്ള മാസ്റ്റർ പ്ലാൻ വിന്യസിക്കുകയാണ് ചെയ്യുന്നത്.
ജിഐഎസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മാപ്പ് ലഭ്യമാകുന്നതോടെ നികുതി വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷ. നേരത്തേ ചെറുതായിരുന്ന കെട്ടിടങ്ങളിൽ പലതും വലുപ്പംകൂട്ടി പുതുക്കിപ്പണിതിട്ടും അക്കാര്യം റവന്യു രേഖകളിൽ ഉൾപ്പെടുത്താത്ത സ്ഥിതിയുണ്ട്. അതിനാൽ പഴയ നിരക്കിൽമാത്രമായിരിക്കും ഉടമ കെട്ടിട നികുതിയടയ്ക്കുന്നത്. എന്നാൽ, ജിഐഎസ് വിവരങ്ങളിൽ കെട്ടിടത്തിന്റെ ഇപ്പോഴത്തെ വലുപ്പവും മറ്റും വ്യക്തമാകുന്നതിനാൽ പുതിയ നികുതി ഈടാക്കാനാകും. ഇങ്ങനെ ജിഐഎസ് മാപ്പിങ് നടത്തിയ നഗരങ്ങളിൽ 30%വരെ കെട്ടിട നികുതി വരുമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
കേന്ദ്രത്തിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട നഗരങ്ങളിലാണ് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. കോഴിക്കോട്ട് പദ്ധതി നടപ്പാക്കാനായുള്ള ഫണ്ട് ടൗൺ പ്ലാനിങ് ഓഫിസിന് ഉടൻ കൈമാറും. ഐഎസ്ആർഒയുടെ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് കോഴിക്കോടിന്റെ സാറ്റലൈറ്റ് മാപ്പിങ് നടത്തുന്നത്. അടുത്ത ജനുവരിയിൽ ഇതു ലഭ്യമാകും. ഇതിനുശേഷമായിരിക്കും ടൗൺപ്ലാനിങ് വിഭാഗത്തിന്റെ ജോലിതുടങ്ങുകയെന്ന് റീജനൽ ടൗൺ പ്ലാനർ കെ.വി.അബ്ദുൽ മാലിക് അറിയിച്ചു. ജിഐഎസ് പതിപ്പു തയാറാക്കുമ്പോൾ നിലവിലുള്ള മാസ്റ്റർപ്ലാനിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യാം.
0 Comments